Sunday, May 19, 2024
keralaNewspoliticsSports

കായിക താരം പത്മിനി തോമസ് സജീവ രാഷ്ട്രീയത്തിലേക്ക്….

മുന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റും കായിക താരവുമായ പത്മിനി തോമസ് സജീവ രാഷ്ട്രീയത്തിലേക്ക്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നഗരസഭയിലേക്ക് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പത്മിനി തോമസ് രംഗത്തിറങ്ങുമെന്നാണ് വിവരം. യു.ഡി.എഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയായി പത്മിനി തോമസ് ജനവിധി തേടുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചന നല്‍കുന്നു. ഇതുസംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ പത്മിനി തോമസുമായി ആശയവിനിമയം നടത്തി.തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് തന്നെ ഏറ്റവും ശ്രദ്ധേയമായ ത്രികോണ മത്സരത്തിനാണ് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കളമൊരുങ്ങുന്നത്. 2015ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വലിയ തിരിച്ചടിയാണ് നഗരസഭയില്‍ നേരിട്ടത്. രണ്ടാം സ്ഥാനത്ത് ബി.ജെ.പിയെത്തി. അതുകൊണ്ടുതന്നെ വളരെ കരുതലോടെയാണ് ഇക്കുറി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് കടക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ തദ്ദേശ സ്ഥാപനം എന്ന നിലയില്‍ തലസ്ഥാന നഗരസഭ പിടിക്കുക കോണ്‍ഗ്രസിന്റെ അഭിമാന പ്രശ്നമാണ്.

ഈ വര്‍ഷം മേയ് 31ന് റെയില്‍വേയില്‍ നിന്ന് വിരമിച്ച പത്മിനി തോമസ് വര്‍ഷങ്ങളായി തലസ്ഥാനത്ത് സജീവമാണ്. എല്‍.ഡി.എഫിനേയും ബി.ജെ.പിയേയും നേരിടാന്‍ പൊതുസമ്മതരെ രംഗത്തിറക്കാനാണ് കോണ്‍ഗ്രസ് നീക്കം നടത്തുന്നത്. അര്‍ജുന അവാര്‍ഡ് ജേതാവായ പത്മിനിക്ക് ഏഷ്യന്‍ ഗെയിംസിലും മെഡല്‍ ലഭിച്ചിട്ടുണ്ട്. ജി.വി.രാജ അവാര്‍ഡും പത്മിനി തോമസ് കരസ്ഥമാക്കിയിട്ടുണ്ട്.കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് കേരള സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റായ പത്മിനി തോമസ് റെയില്‍വേയിലെ ചീഫ് സൂപ്പര്‍വൈസര്‍ (കംപ്യൂട്ടര്‍ റിസര്‍വേഷന്‍) പദവിയില്‍ നിന്നും 41 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് വിരമിച്ചത്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായിരിക്കെ 2015ല്‍ കേരളത്തില്‍ ദേശീയ ഗെയിംസ് സംഘടിപ്പിച്ചതിന് ചുക്കാന്‍ പിടിച്ചതും പത്മിനി തോമസായിരുന്നു. കോളേജ് ഗെയിംസ് പുനരാരംഭിക്കുന്നതിലും നിര്‍ണായക പങ്ക് വഹിച്ചു.
ഭര്‍ത്താവും മുന്‍ ദേശീയ കായികതാരവുമായിരുന്ന ജോണ്‍ സെല്‍വന്റെ സഹോദരന്‍ ജോണ്‍സണ്‍ ജോസഫ് നഗരസഭയില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരില്‍ ഒരാളാണ്. നവംബര്‍ ആദ്യവാരം കെ.പി.സി.സി ഉപസമിതി സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അന്തിമ തീരുമാനമെടുക്കും. അടൂര്‍ പ്രകാശ് എം.പിക്കും പി.സി വിഷ്ണുനാഥിനുമാണ് തിരുവനന്തപുരത്തെ തദ്ദേശ തിരഞ്ഞെടുപ്പ് ചുമതല.
പത്മിനി തോമസുമായി ഔദ്യോഗിക ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്ന് അടൂര്‍ പ്രകാശ് കേരളകൗമുദി ഓണ്‍ലൈനിനോട് പറഞ്ഞു. പ്രാദേശിക നേതാക്കള്‍ പത്മിനിയെ കണ്ട് ചര്‍ച്ച നടത്തിയിരിക്കാം. താന്‍ ഒരു പരിപാടിയില്‍ വച്ച് അവരെ കണ്ടിരുന്നുവെങ്കിലും സ്ഥാനാര്‍ത്ഥി കാര്യം ചര്‍ച്ച ചെയ്തിരുന്നില്ല. വാര്‍ഡ് തലത്തില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ച് അറിയിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എല്ലാ മണ്ഡലം, ബ്ലോക്ക് പ്രസിഡന്റുമാരുമായി ചര്‍ച്ച നടത്തി വ്യക്തമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. മേയര്‍ സ്ഥാനാര്‍ത്ഥിയെ മുന്‍ നിര്‍ത്തിയാകുമോ തിരഞ്ഞെടുപ്പ് പ്രചാരണമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അടൂര്‍ പ്രകാശ് സ്ഥിരീകരിച്ചു.നഗരസഭയില്‍ ഘടകകക്ഷികള്‍ക്ക് നേരത്തേ നല്‍കിയ സീറ്റുകളില്‍ പലതും കോണ്‍ഗ്രസ് ഏറ്റെടുത്തേക്കുമെന്നാണ് വിവരം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 100 അംഗങ്ങളുളള തിരുവനന്തപുരം കോര്‍പ്പറേഷനില്‍ യു.ഡി.എഫിന്റെ അംഗബലം 21 സീറ്റിലൊതുങ്ങിയിരുന്നു.