Thursday, May 9, 2024
HealthindiakeralaNewspolitics

ഒമിക്രോണ്‍ വ്യാപനം ശക്തം; യുപി തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണം, റാലികള്‍ നിരോധിക്കണം: ഹൈക്കോടതി

ഒമിക്രോണ്‍ വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ യുപി നിയമസഭാ തിരഞ്ഞെടുപ്പ് ഒന്നോ രണ്ടോ മാസം മാറ്റിവയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കണമെന്ന് അലഹബാദ് ഹൈക്കോടതി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആള്‍ക്കൂട്ടങ്ങള്‍ നിരോധിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. റാലികള്‍ നിരോധിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതമാകും ഉണ്ടാകുകയെന്നും ജസ്റ്റിസ് ശേഖര്‍ യാദവ് പറഞ്ഞു.

കോടതികളില്‍ നൂറുകണക്കിനു കേസുകള്‍ ലിസ്റ്റ് ചെയ്യുകയും വന്‍ജനക്കൂട്ടം എത്തുകയും ചെയ്യുന്നത് ചൂണ്ടിക്കാട്ടിയതിനു ശേഷമാണ് കോടതി യുപി തിരഞ്ഞെടുപ്പിനെക്കുറിച്ച് പരാമര്‍ശിച്ചത്. ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മൂന്നാം തരംഗത്തിനു സാധ്യതയുണ്ടെന്നും ജഡ്ജി പറഞ്ഞു. ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പും ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പും കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍ കാരണമായി. നിരവധി പേര്‍ മരിക്കുകയും ചെയ്തു. യുപിയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന റാലികളില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുക അസംഭവ്യമാണെന്നും ജസ്റ്റിസ് ശേഖര്‍ യാദവ് പറഞ്ഞു.

ഭരണഘടനയുടെ 21-ാം വകുപ്പ് പ്രകാരം ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം അംഗീകരിക്കണം. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കി ദൂരദര്‍ശന്‍ വഴിയോ പത്രങ്ങള്‍ വഴിയോ പ്രചാരണം നടത്താന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഉള്‍പ്പെടെ യുപിയില്‍ വന്‍പ്രചാരണ റാലികള്‍ സംഘടിപ്പിക്കുന്നതിനിടയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം. വരും ദിവസങ്ങളില്‍ വിവിധ പാര്‍ട്ടികള്‍ വമ്പന്‍ റാലികളാണ് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. മാസ്‌ക് ധരിക്കാതെ, യാതൊരു കോവിഡ് പ്രോട്ടോക്കോളം പാലിക്കാതെയുള്ള റാലികള്‍ക്കെതിരെ വന്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.