Saturday, May 18, 2024
keralaNewspolitics

സിപിഎം വിജയിച്ചതിന്റെ ഉത്തരവാദിത്തംകൂടി കെ.മുരളീധരന്‍ ഏറ്റെടുക്കണം; കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് കൂടുതല്‍ വോട്ട് പിടിച്ചതുകൊണ്ടാണ് നേമത്തു ബിജെപി പരാജയപ്പെട്ടതെന്ന കെ. മുരളീധരന്റെ പ്രസ്താവന വളരെ വിചിത്രമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നേമത്തു കോണ്‍ഗ്രസിന് ലഭിച്ച 46,472 വോട്ട് (32.8%) നിയമസഭാ തെരഞ്ഞെടുപ്പില്‍ 36,524 (25%) ആയി കുറഞ്ഞത് എങ്ങനെയെന്ന് മുരളീധരന്‍ വ്യക്തമാക്കണമെന്നും ഫെയ്സ്ബുക്ക് കുറിപ്പില്‍ അദ്ദേഹം ആവശ്യപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വോട്ട് എല്‍ഡിഎഫിനു പോയത് കൊണ്ടാണ് 33,921 (24%) വോട്ടില്‍നിന്നു 55,837(38.2%) ആയി ഉയര്‍ത്താന്‍ എല്‍ഡിഎഫിന് കഴിഞ്ഞത്.

നേമത്തു ആര് ജയിക്കണമെന്നല്ല ആര് തോല്‍ക്കണമെന്ന കാര്യത്തില്‍ എല്‍ഡിഎഫിനും കോണ്‍ഗ്രസിനും വ്യക്തമായ ധാരണയുണ്ടായിരുന്നു. അതനുസരിച്ച് ന്യൂനപക്ഷ വിഭാഗത്തിലുള്ള കോണ്‍ഗ്രസിന്റെ വോട്ട് എല്‍ഡിഎഫിന് മറിച്ചു കൊടുത്താണ് കോണ്‍ഗ്രസ് ബിജെപിയെ തോല്‍പിച്ചത്.

തങ്ങള്‍ തോറ്റാലും വേണ്ടില്ല എല്‍ഡിഎഫിനെ വിജയിപ്പിച്ചിട്ടാണെങ്കിലും ബിജെപിയെ പരാജയപെടുത്തണമെന്ന കോണ്‍ഗ്രസിന്റെ നിഷേധ രാഷ്ട്രീയം അവരുടെ തന്നെ വിനാശത്തിനിടയാക്കി. നേമത്തു ബിജെപി പരാജയപ്പെട്ടത് കോണ്‍ഗ്രസ് കൂടുതല്‍ വോട്ട് പിടിച്ചത് കൊണ്ടാണെന്ന മുരളീധരന്റെ അവകാശവാദം ശരിയാണെങ്കില്‍ സിപിഎം വിജയിച്ചതിന്റെ ഉത്തരവാദിത്തം കൂടി അദ്ദേഹം ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.