Friday, May 17, 2024
keralaNews

മുണ്ടക്കയത്ത് എക്‌സൈസ് റെയ്ഡ് കാട്ടിനുള്ളില്‍ 1235 ലിറ്റര്‍ കോട പിടികൂടി

മുണ്ടക്കയം മേഖലയില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ പ്ലാചേരി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ മൂന്നോലി കാരിശ്ശേരി തേക്ക് പ്ലാന്റേഷന്‍ ഭാഗത്തു നിന്നും 1235 ലിറ്റര്‍ കോട കണ്ടെത്തി.മേഖലയില്‍ വന്‍തോതില്‍ വ്യാജമദ്യം നിര്‍മ്മാണം നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് എക്‌സൈസ് പരിശോധന നടത്തിയത്. ചാരായം വാറ്റാന്‍ പാകപ്പെടുത്തി നിലയിലാണ് കോടശേഖരം കണ്ടെടുത്തത്. 500 ലിറ്ററിന്റെ രണ്ട് സിന്തറ്റിക്ക് ടാങ്കിലും 200 ലിറ്ററിന്റെ ബാരലിലും 35 ലിറ്ററിന്റെ കന്നാസിലുമായി ആണ് കോട സൂക്ഷിച്ചിരുന്നത്. കാട്ടാനയുടെയും, വന്യ ജിവികളുടെയും വിഹാരകേന്ദ്രങ്ങളാണ് ഇവിടം. പരിശോധകള്‍ ഉണ്ടാകില്ല എന്ന് കരുതിയാണ് ഈ മേഖലയില്‍ കോട സൂക്ഷിച്ചിരുന്നത് എന്ന് എക്‌സൈസ് സംഘം വിലയിരുത്തുന്നത്.                                             പാറകെട്ടുകളിലും മറ്റുമായിട്ടാണ് കോട സൂക്ഷിച്ചിരുന്നത്. ഇവിടെത്തന്നെ വാറ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ നടന്നിരുന്നതായി ആണ് കരുതുന്നത്. കുഴിമാവ്, കോപ്പാറ വന മേഖല,504 കോളനി, പുഞ്ചവയല്‍, പാക്കാനം, കാറിശ്ശേരി ഭാഗങ്ങളില്‍ വിവര ശേഖരണവും രഹസ്യ നിരീക്ഷണവും നടത്തിയിരുന്നു. ഇതിന്‍ പ്രകാരം കുഴിമാവ് ചെങ്കമലക്കാനയ്ക്ക് സമീപം മുക്കുളം പുറത്ത് വീട്ടില്‍ തങ്കപ്പന്റെ മകന്‍ എം ടി സാമിനെ എക്‌സൈസ് പിടികൂടിയിരുന്നു. ഇയാളുടെ വീട്ടില്‍ നിന്നും 8 ലിറ്റര്‍ ചാരായവും 95 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തിരുന്നു.ഇതിന് പിന്നാലെ കുഴിമാവ് ടോപ്പ് ഭാഗത്ത് ആള്‍ താമസമില്ലാത്ത വിടിന് സമീപം സൂക്ഷിച്ചുവച്ചിരുന 20 ലിറ്റര്‍ ചാരായവും കണ്ടെടുത്തിരുന്നു. എക്‌സൈസ് സ്‌ക്വാഡ് അംഗം കെ എന്‍ സുരേഷ്‌കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കോട്ടയം എക്‌സൈസ് എന്‍ഫോഴ്‌സ് ആന്റ് ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുരാജ് ് പരിശോധനയ്ക്ക് നിര്‍ദ്ദേശം നല്‍കിയത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അമല്‍ രാജനും സംഘവും പ്ലാച്ചേരി സെക്ഷന്‍ഫോറസ്റ്റ് ഓഫിസര്‍ അരുണ്‍ ജി നായരും സംഘവുമായി ചേര്‍ന്ന്് പരിശോധന നടത്തിയത്. പരിശോധനയില്‍ പ്രിവന്റീവ് ഓഫിസര്‍ കെ രാജിവ് , സിവി എക്‌സൈസ് ഓഫിസര്‍മാരായ അഞ്ചിത്ത് രമേശ്, സന്തോഷ് കുമാര്‍ വി ജി,സുരേഷ് കുമാര്‍ കെ എന്‍, ഡ്രൈവര്‍ അനില്‍ കെ കെ എന്നിവര്‍ പങ്കെടുത്തു.