Thursday, May 9, 2024
keralaNewsObituary

മോക്ഡ്രില്ലിനിടെ യുവാവ് മരിച്ച സംഭവം: വിശദമായ റിപ്പോര്‍ട്ട് തേടി

കൊച്ചി: വെള്ളത്തില്‍ വീണവരെ എങ്ങനെ രക്ഷിക്കാമെന്നുള്ള മോക് ഡ്രില്ലിനിടെയുണ്ടായ യുവാവ് വെള്ളത്തില്‍ മുങ്ങി മരിച്ച സംഭവത്തില്‍ ശ്രദ്ധക്കുറവുണ്ടായിട്ടില്ലെന്ന് മന്ത്രി കെ രാജന്‍. പ്രാഥമിക അന്വേഷണത്തില്‍ യുവാവിന്റെ മരണത്തില്‍ അസ്വഭാവികത ഇല്ലെന്നും വീഴ്ച പറ്റിയിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ടെന്നും വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും മന്ത്രി വിശദീകരിച്ചു. മോക് ഡ്രില്ലിനിടെ യുവാവ് കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരും. സുഖകരമായ സ്ഥലത്തല്ല മോക് ഡ്രില്‍ നടത്തുക. ശ്രദ്ധക്കുറവ് ഉണ്ടായിട്ടില്ലെന്നാണ് മനസിലാകുന്നത്. വിശദ റിപ്പോര്‍ട്ട് വൈകുന്നേരത്തോടെ ലഭിക്കുമെന്നും മന്ത്രി കെ രാജന്‍ വിശദീകരിച്ചു.  മോക്ക്ഡ്രില്‍ അപകടത്തെ തുടര്‍ന്ന് യുവാവ് മരിക്കാനിടയായ സാഹചര്യത്തില്‍ വിവിധ വകുപ്പുകള്‍ക്കുണ്ടായത് ഗുരുതര വീഴ്ച. വെള്ളത്തില്‍ വീണവരെ എങ്ങനെ രക്ഷിക്കാമെന്നുള്ള പരീക്ഷണത്തിനിടയിലാണ് ബിനു സോമന്‍ മുങ്ങി മരിച്ചത്. എന്‍ഡിആര്‍എഫിന്റെയും ഫയര്‍ഫോഴ്‌സിന്റെയും സാന്നിധ്യമുള്ളപ്പോളായിരുന്നു അപകടം. രക്ഷാപ്രവര്‍ത്തകര്‍ക്കെതിരെ ആരോപണങ്ങളുമായി നാട്ടുകാര്‍ രംഗത്തെത്തി. ബിനു സോമനെ രക്ഷപ്പെടുത്താനുള്ള ക്രമീകരണങ്ങള്‍ സമയോചിതമായി നടന്നില്ലെന്ന് കൂടെയുണ്ടായിരുന്നവര്‍ ആരോപിച്ചു. വെള്ളത്തില്‍ മുങ്ങി താഴ്ന്നിട്ടും എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ എത്താന്‍ വൈകിയെന്നും രക്ഷപ്രവര്‍ത്തനങ്ങള്‍ക്കുള്ള ബോട്ട് പ്രവര്‍ത്തന രഹിതമരുന്നുവെന്നും ആരോപണമുയര്‍ന്നു. ഫയര്‍ഫോഴ്‌സിന്റെ മോട്ടോര്‍ ബോട്ട് കയറു കെട്ടി വലിച്ചാണ് കരയ്ക്ക് എത്തിച്ചത്.