Saturday, May 18, 2024
keralaNewsUncategorized

വധുവിന് നല്‍കുന്ന സമ്മാനം; സ്ത്രീധന നിരോധന ചട്ടം പുതുക്കാനൊരുങ്ങുന്നു

തിരുവനന്തപുരം: സ്ത്രീ സംരക്ഷണ സംഘടനകളുടെയും – വനിതാ കമ്മീഷന്റെയും പ്രതിഷേധങ്ങള്‍ക്കൊടുവില്‍ സ്ത്രീധന നിരോധന ചട്ടം പുതുക്കാനൊരുങ്ങുന്നു. വധുവിന് രക്ഷിതാക്കള്‍ നല്‍കുന്ന സമ്മാനം പരമാവധി ഒരു ലക്ഷം രൂപയും 10 പവനും മാത്രമേ ആകാവൂ എന്ന നിബന്ധന ഉടന്‍ പ്രാബല്യത്തില്‍ വരും. വിവാഹത്തിന് മുന്‍പ് വധൂവരന്മാര്‍ക്ക് കൗണ്‍സിലിംഗ് നല്‍കാനും വ്യവസ്ഥയുണ്ട്. വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറുടെ അഭിപ്രായങ്ങള്‍ സമര്‍പ്പിച്ചു. ഇത് സംബന്ധിച്ച് തദ്ദേശസ്വയംഭരണ വകുപ്പിന്റെ നിര്‍ദ്ദേശങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. അനുബന്ധ വകുപ്പുകളുമായും ചര്‍ച്ചകള്‍ നടത്തിയ ശേഷം ഭേദഗതിയുടെ കരട് വകുപ്പിന് അയയ്ക്കും. വനിതാ കമ്മീഷന്‍ നല്‍കിയ ചില ശുപാര്‍ശകള്‍ നടപ്പാക്കാന്‍ നിയമം ഭേദഗതി ചെയ്യേണ്ടിവരും. അവ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയ്ക്ക് അയച്ചുകൊടുക്കും. കൊല്ലം സ്വദേശിനി വിസ്മയയുടെ ആത്മഹത്യയ്ക്ക് പിന്നാലെ വനിതാ കമ്മീഷന്‍ സ്ത്രീധന നിരോധന ചട്ടങ്ങളില്‍ പരിഷ്‌കരിക്കാന്‍ ശുപാര്‍ശകള്‍ നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇത് പുറത്തുവിടുകയോ നടപടികളിലേക്ക് കടക്കുകയോ ചെയ്തിരുന്നില്ല. വനിതാ കമ്മീഷനും സ്ത്രീ സംരക്ഷണ സംഘടനകളും സമ്മര്‍ദ്ദം ചെലുത്തിയതിന്റെ ഭാഗമായാണ് പിണറായി സര്‍ക്കാര്‍ നടപടിയ്ക്കൊരുങ്ങുന്നത്. ഹൈസ്‌കൂള്‍ മുതലുള്ള പാഠപുസ്തകങ്ങളില്‍ ഗാര്‍ഹിക പീഡന നിരോധനനിയമം, സ്ത്രീധന നിരോധന നിയമം, പോക്സോ നിയമം എന്നിവ ഉള്‍ക്കൊള്ളിക്കുന്ന അദ്ധ്യായം ഉണ്ടാകണമെന്ന കമ്മീഷന്റെ ശുപാര്‍ശ നടപ്പായിട്ടില്ല.