Monday, May 13, 2024
indiakeralaNewspolitics

ചെറുത്തുനില്‍പിന്റെ ഗ്രാമം, മമത ദീദിയുടെ നന്ദിഗ്രാം; മലയാളം മറക്കാത്ത സമദും

കൊല്‍ക്കത്ത നഗരത്തില്‍ തിരഞ്ഞെടുപ്പിന്റെ കാഹളങ്ങളില്ല. എപ്പോഴും പായുന്ന വാഹനങ്ങളുടെ കൊമ്പുവിളികളേയുള്ളൂ. ആര്‍ക്കും നില്‍ക്കാന്‍ നേരമില്ലാത്ത വന്‍നഗരത്തില്‍ പ്രചാരണ റാലികളോ യോഗങ്ങളോ പാര്‍ട്ടികള്‍ക്കു പതിവില്ല. എല്ലാം സാധാരണ മട്ടിലാണ്. ചൗമിന്‍ കഴിക്കുന്നവരുടെ തിരക്ക്. പുകവലിക്കാരുടെ ആഗോള തലസ്ഥാനമെന്നു വിളിക്കാന്‍ മാത്രം സിഗററ്റ് പുകച്ചുരുളുകള്‍. ഇവിടെയാണോ തിരഞ്ഞെടുപ്പു വിശേഷങ്ങള്‍ അന്വേഷിച്ചെത്തിയതെന്ന സംശയം തോന്നാതിരുന്നില്ല.പക്ഷേ, അടിത്തട്ടിലും അണിയറകളിലും തിരഞ്ഞെടുപ്പു നീക്കങ്ങളും നീക്കുപോക്കുകളും ധാരാളം നടക്കുന്നുണ്ടെന്നു മെല്ലെ മനസ്സിലാകും. ദിവസവും ഒന്നെന്ന കണക്കില്‍ പാര്‍ട്ടി വക്താക്കളുടെ വാര്‍ത്താസമ്മേളനങ്ങളുണ്ട്. അന്നന്നത്തെ രാഷ്ട്രീയ ചര്‍ച്ചയ്ക്കുള്ള വക അതിലുണ്ടാവും. പ്രധാനമന്ത്രിയുടെ വരവ്, മുഖ്യമന്ത്രി നടത്താന്‍ പോകുന്ന റാലികള്‍, സ്ഥാനാര്‍ഥിപ്പട്ടിക ഒക്കെയായി കൊല്‍ക്കത്ത സജീവമാണ്. അങ്ങനെയാകാതെ തരമില്ല. 27ന് ആദ്യ ഘട്ടം വോട്ടെടുപ്പാണ്.ഒറ്റയ്ക്കും തെറ്റയ്ക്കുമേ നഗരത്തില്‍ കൊടിതോരണങ്ങളുള്ളൂ. പക്ഷേ, എവിടെയും പെട്ടെന്നു കണ്ണില്‍ പെടുന്ന വിധം വലിയ ബോര്‍ഡുകള്‍ വച്ചിരിക്കുന്നതു തൃണമൂല്‍ കോണ്‍ഗ്രസാണ്. എല്ലാറ്റിലും മമത ബാനര്‍ജിയുടെ ചിരിക്കുന്ന ഒരേ ചിത്രം. ‘ബംഗാളിനു വേണ്ടത് മകളെയാണ്’ എന്ന തൃണമൂലിന്റെ പുതിയ മുദ്രാവാക്യം മാത്രമാണ് ബോര്‍ഡിലെ എഴുത്ത്്. ബോര്‍ഡുകള്‍ കൊല്‍ക്കത്തയില്‍ മാത്രമല്ല, ബംഗാളിന്റെ ഏതു ഭാഗത്തും ഉയര്‍ത്തിയിട്ടുണ്ട് പാര്‍ട്ടിക്കാര്‍. കൊല്‍ക്കത്ത പഴയ ഉറക്കംതൂങ്ങി നഗരമല്ല. പുതിയ എടുപ്പുകള്‍ എല്ലായിടത്തും ഉയരുന്നു. ഫ്‌ലൈ ഓവറുകള്‍ നഗരത്തിനു മൊത്തത്തില്‍ മേല്‍ക്കൂര കെട്ടുന്നതു പോലെ വര്‍ധിച്ചു.