Sunday, May 19, 2024
keralaNews

നീറ്റ് പരീക്ഷാ വിവാദത്തില്‍ സ്വകാര്യ ഏജന്‍സിക്കെതിരെ കോളേജിലെ അറസ്റ്റിലായ ശുചീകരണ തൊഴിലാളികള്‍.

കൊല്ലം: നീറ്റ് പരീക്ഷാ വിവാദത്തില്‍ കുട്ടികളുടെ പരിശോധന ചുമതലമുണ്ടായിരുന്ന സ്വകാര്യ ഏജന്‍സിക്കെതിരെ കോളേജിലെ അറസ്റ്റിലായ ശുചീകരണ തൊഴിലാളികള്‍. ഏജന്‍സിയിലെ ജീവനക്കാരുടെ നിര്‍ദ്ദേശപ്രകാരമാണ് അടിവസ്ത്രം അഴിപ്പിച്ചതെന്നാണ് ഇവരുടെ വാദം. റിമാന്‍ഡിലായ എസ്. മറിയാമ്മ, കെ. മറിയാമ്മ എന്നിവരുടേതാണ് വെളിപ്പെടുത്തല്‍. കുട്ടികളുടെ അടിവസ്ത്രത്തില്‍ ലോഹഭാഗങ്ങള്‍ ഉള്ളതിനാല്‍ അടിവസ്ത്രം അഴിച്ചു മാറ്റണമെന്ന് ഏജന്‍സിക്കാര്‍ നിര്‍ദേശിച്ചു. ഏജന്‍സി ജീവനക്കാരുടെ നിര്‍ദ്ദേശപ്രകാരം കുട്ടികള്‍ക്ക് വസ്ത്രം മാറാന്‍ തങ്ങളുടെ മുറി തുറന്നു കൊടുക്കുക മാത്രമാണ് ചെയ്തതെന്നും ഇവര്‍ പറയുന്നു.അതേസമയം കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ അറസ്റ്റിലായേക്കുമെന്നാണ് വിവരം. തുടരന്വേഷണത്തില്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് പോലീസ് നിയമപദേശം തേടും. അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പും പോലീസ് നിയമപദേശം തേടിയിരുന്നു. അറസ്റ്റിലായ അഞ്ച് പേരുടേയും ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21ന്റെ ലംഘനമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികളെ പിടികൂടാനുള്ളതിനാല്‍ ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷനും വാദിച്ചു. കടയ്ക്കല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. ആയൂര്‍ മാര്‍ത്തോമാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്റ് ടെക്‌നോളജിയിലെ ജീവനക്കാരായ എസ്.മറിയാമ്മ, കെ.മറിയാമ്മ, സെക്യൂരിറ്റി ഏജന്‍സിയിലെ ജീവനക്കാരായ ഗീതു, ജ്യോത്സന, ബീന എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച വൈകിട്ട് കസ്റ്റഡിയിലെടുത്ത ഇവരെ വിശദമായി ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്. അന്വേഷണസംഘം ഇന്നലെ കോളേജില്‍ എത്തിയും പരിശോധന നടത്തിയിരുന്നു.