Saturday, May 11, 2024
keralaNews

സംസ്ഥാനത്ത് പക്ഷിപ്പനി വന്നത് ദേശാടനക്കിളികള്‍ വഴിയാണെന്ന് മന്ത്രി കെ രാജു

സംസ്ഥാനത്ത്  പക്ഷിപ്പനി വന്നത് ദേശാടനക്കിളികള്‍ വഴിയാണെന്ന് മന്ത്രി കെ രാജു അറിയിച്ചു. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പക്ഷിപ്പനി പ്രതിരോധം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പക്ഷികളെ കൂട്ടത്തോടെ കൊന്ന് തുടങ്ങി. ഇതുവരെ രോഗം വന്ന ചത്തത് 23,857 പക്ഷികളാണ്.കോട്ടയത്ത് 7,229 പക്ഷികളെയും, ആലപ്പുഴയില്‍ 37,654 പക്ഷികളെയും ഇതുവരെ കൊന്നു. രോഗം മനുഷ്യരിലേക്ക് വ്യാപിക്കാനുള്ള സാഹചര്യം നിലവിലില്ലെന്നും കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.പത്ത് ദിവസം കൂടി ജാഗ്രത തുടരുമെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴ ജില്ലയിലെ കരുവാറ്റ ഉള്‍പ്പെടെ നാല് പഞ്ചായത്തുകളിലും കോട്ടയം ജില്ലയിലെ നീണ്ടൂര്‍ പഞ്ചായത്തിലെ പതിനാലാം വാര്‍ഡിലുമാണ് നിലവില്‍ പ്രതിരോധ നടപടികള്‍ തുടങ്ങിയിട്ടുള്ളത്. പക്ഷികളെ കൂട്ടത്തോടെ കൊല്ലുന്നത് വ്യാഴാഴ്ച അവസാനിക്കും.