Sunday, May 12, 2024
keralaNews

നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമത്ത് കുമ്മനം രാജശേഖരന്‍ മത്സരിക്കാന്‍ സാധ്യത.

നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കി ബിജെപി. നേമത്ത് ഒ.രാജഗോപാലിന് പകരം കുമ്മനം രാജശേഖരന്‍ മത്സരിക്കാന്‍ സാധ്യത. സംസ്ഥാനത്ത് ബിജെപി ആദ്യമായി അക്കൗണ്ട് തുറക്കുന്നത് 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമം മണ്ഡലത്തിലൂടെയാണ്. ഇത്തവണയും നേമം നിലനിര്‍ത്തുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്.

രാജഗോപാലിന് 91 വയസ്സായി. ഒരു തിരഞ്ഞെടുപ്പില്‍ കൂടി രാജഗോപാലിനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ഒരുക്കമല്ല. അതുകൊണ്ടാണ് രാജഗോപാലിന് പകരക്കാരനെ തേടുന്നത്. കുമ്മനം രാജശേഖരന്‍ നേമത്ത് മത്സരിക്കണമെന്നാണ് പാര്‍ട്ടിയിലെ താല്‍പര്യം. മണ്ഡലത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ കുമ്മനത്തിനു പാര്‍ട്ടി നിര്‍ദേശം നല്‍കി. നേമം മണ്ഡലത്തില്‍ കുമ്മനം വീട് വാടകയ്ക്കെടുത്തതായാണ് റിപ്പോര്‍ട്ട്.
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2019 ലെ ഉപതിരഞ്ഞെടുപ്പിലും വട്ടിയൂര്‍ക്കാവിലാണ് കുമ്മനം മത്സരിച്ചത്. വോട്ടുകളുടെ എണ്ണത്തില്‍ ബിജെപിക്ക് വലിയ നേട്ടമുണ്ടാക്കാന്‍ സാധിച്ചെങ്കിലും മണ്ഡലം പിടിക്കാന്‍ സാധിച്ചിരുന്നില്ല. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കുമ്മനം വട്ടിയൂര്‍ക്കാവില്‍ മത്സരിക്കില്ല. പകരം, മറ്റൊരു മുതിര്‍ന്ന നേതാവിനെ വട്ടിയൂര്‍ക്കാവില്‍ മത്സരിപ്പിക്കാനാണ് സാധ്യത.