Thursday, May 16, 2024
HealthkeralaNewsUncategorized

കൊല്ലത്തെ മിഠായി നിര്‍മ്മാണ കേന്ദ്രം അടച്ചുപൂട്ടി

കൊല്ലം: വസ്ത്രനിര്‍മാണത്തിന് ഉപയോഗിക്കുന്ന റോഡമിന്‍ എന്ന രാസവസ്തു ചേര്‍ത്ത് നിറങ്ങള്‍ കലര്‍ത്തി പഞ്ഞി മിഠായി ഉണ്ടാക്കിയ കേന്ദ്രം ഭക്ഷ്യസുരക്ഷ വിഭാഗം അടച്ചുപ്പൂട്ടി. കൊല്ലം കരുനാഗപ്പള്ളിയിലാണ് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്.   കെട്ടിട ഉടമയ്ക്കും 25 ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും എതിരേ കേസെടുത്തു. വൃത്തിയില്ലത്ത സാഹചര്യത്തിലാണ് മിഠായികള്‍ ഉണ്ടാക്കിയിരുന്നത്. 25 ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്നതാകട്ടെ അഞ്ച് ചെറുമുറികളിലാണ്. മിഠായി ഉണ്ടാക്കുന്ന മുറിക്ക് സമീപത്തെ സെപ്റ്റിക് ടാങ്ക് പൊട്ടിയൊഴുകിയ നിലയിലായിരുന്നു. വസ്ത്രങ്ങളില്‍ ഉപയോഗിക്കുന്ന നിറമായ റോഡമിന്‍ എന്ന രാസവസ്തു ചേര്‍ത്തായിരുന്നു മിഠായി നിര്‍മ്മിച്ചിരുന്നത്. വില്‍പനയ്ക്കായി തയാറാക്കിയിരുന്ന 1000 കവര്‍ മിഠായികള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് നശിപ്പിച്ചു. സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് ഡപ്യൂട്ടി കമ്മീഷണര്‍ ജേക്കബ് തോമസിന്റെ നേതൃത്വത്തിലാണ് പരിശോധന. മിഠായി നിര്‍മ്മാണ കേന്ദ്രത്തിന് ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. അനധികൃത ഭക്ഷ്യ ഉല്‍പ്പാദനത്തിനും നിരോധിത നിറം ഉപയോഗിച്ചതിനും തൊഴിലാളികള്‍ക്കെതിരെ കേസെടുത്തു. ഭക്ഷ്യസുരക്ഷ വിഭാഗം കൊല്ലം അസിസ്റ്റന്റ് കമ്മീഷണര്‍ അജി, കൊല്ലം കരുനാഗപ്പള്ളി, ചവറ എന്നിവിടങ്ങളിലെ ഫുഡ് സേഫ്റ്റി ഓഫീസര്‍മാരും പരിശോധനയില്‍ പങ്കെടുത്തു.