Friday, May 17, 2024
keralaNews

ചികിത്സിക്കാനായി വീട്ടിലെത്തിയ ഡോക്ടറെ ഹണി ട്രാപ്പില്‍ കുടുക്കി 5 ലക്ഷം തട്ടിയെടുത്തു

കൊച്ചി : ചികിത്സിക്കാനായി വീട്ടിലെത്തിയ ഡോക്ടറെ സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തി ഹണി ട്രാപ്പില്‍ കുടുക്കാന്‍ ശ്രമിച്ച സുഹൃത്തും യുവതിയും പിടിയില്‍. ഗൂഡല്ലൂര്‍ സ്വദേശി നസീമ ബി, ഇടുക്കി സ്വദേശി മുഹമ്മദ് അമീന്‍ എന്നിവരാണ് പിടിയിലായത്. ഡോക്ടറുടെ കയ്യില്‍ നിന്ന് അഞ്ചു ലക്ഷത്തിലധികം രൂപയാണ് ഇരുവരും ചേര്‍ന്ന് തട്ടിയത്.                                                                                                    ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കഴിഞ്ഞമാസമാണ് തട്ടിപ്പ് നടന്നത്. ഡോക്ടറുമായി മൊബൈല്‍ ഫോണ്‍ വഴിയാണ് നസീമ സൗഹൃദം സ്ഥാപിക്കുന്നത്. പിന്നീട് ഇരുവരും ചാറ്റിംങ് തുടര്‍ന്നു. ട്രാപ്പാണെന്ന് ഡോക്ടര്‍ക്ക് മനസിലായതുമില്ല. രോഗ വിവരങ്ങളെക്കുറിച്ച് ചോദിച്ചു തുടങ്ങിയ ചാറ്റിങ്ങ് പതിവായി. രോഗാവസ്ഥയിലാണെന്നും ചികിത്സിക്കാന്‍ വീട്ടിലേക്ക് എത്തണമെന്നും ആവശ്യപ്പെട്ട് വിളിച്ചുവരുത്തുകയായിരുന്നു . തുടര്‍ന്ന് ഡോക്ടര്‍ വീട്ടിലെത്തിയപ്പോള്‍ നസീമയുടെ സഹായിയായ ഓട്ടോ ഡ്രൈവര്‍ മുഹമ്മദ് അമീന്‍ ഇവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തി. ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു.                                                                                                                       ആദ്യം വീട്ടില്‍ വച്ചു തന്നെ 45,000 രൂപ ഗൂഗിള്‍ പേ വഴി വാങ്ങി. പിന്നീട് കാറിന്റെ താക്കോല്‍ പിടിച്ചെടുത്ത് അഞ്ച് ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടു.പിറ്റേ ദിവസം 5 ലക്ഷം രൂപ കൈമാറിയ ശേഷമാണ് കാറിന്റെ താക്കോല്‍ ഡോക്ടര്‍ക്ക് തിരികെ നല്‍കിയത് . വീണ്ടും അഞ്ച് ലക്ഷം രൂപ കൂടി ഇവര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ആണ് ഡോക്ടര്‍ എറണാകുളം സൗത്ത് പോലീസില്‍ പരാതി നല്‍കിയത്. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.                                                                      സമാനമായ രീതിയില്‍ ഇവര്‍ വേറെയും തട്ടിപ്പുകള്‍ നടത്തിയതായും പോലീസിന് സംശയമുണ്ട്.സെക്‌സ് റാക്കറ്റുമായി ബന്ധപ്പെട്ട ചില വിവരങ്ങളും ഇവരുടെ ഫോണില്‍നിന്നു ലഭിച്ചുവെന്നും പൊലീസ് അറിയിച്ചു.