Saturday, April 27, 2024
EntertainmentkeralaNews

കേരളത്തില്‍ തീയറ്ററുകള്‍ തുറന്നാലുടന്‍ ‘വെള്ളം’ റീലീസ് ചെയ്യാന്‍ തങ്ങള്‍ തയ്യാറെന്ന് നിര്‍മ്മാതാക്കള്‍

ജയസൂര്യ പ്രജേഷ് സെന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ‘വെള്ളം’ റിലീസിന് തയ്യാറായി. ചിത്രത്തിന്റെ സെന്‍സറിങ്ങും പൂര്‍ത്തിയായി. ക്‌ളീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത്. സിനിമ വ്യവസായ രംഗത്തെ കൊറോണ കാല പ്രതിസന്ധികളില്‍ നിന്നും തിരികെ കൊണ്ട് വരാനായി ഏതു റിസ്‌ക്കും ഏറ്റെടുക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും ആശങ്കകളില്ലാതെ ചിത്രം തീയറ്ററുകളില്‍ എത്തിക്കാന്‍ ഒരുക്കമാണെന്നും നിര്‍മ്മാതക്കളില്‍ ഒരാളായ ജോസ് കുട്ടി മഠത്തില്‍ പറഞ്ഞു. തീയറ്ററുകളില്‍ ഭയപ്പാടില്ലാതെ പ്രേക്ഷകര്‍ എത്തുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു.കണ്ണൂരിലെ മുഴുക്കുടിയനായ മുരളി എന്നയാളുടെ കഥയാണ് വെള്ളം പറയുന്നത്. പൂര്‍ണമായും സിങ്ക് സൗണ്ട് ആയി ചിത്രീകരിച്ച ചിത്രമാണ് ‘വെള്ളം’. ഫ്രണ്ട്‌ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോസ്‌കുട്ടി മഠത്തില്‍ യദുകൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.ജയസൂര്യയുടെ നായികമാരായി സംയുക്തമേനോന്‍, സ്‌നേഹ പാലിയേരി എന്നിവര്‍ എത്തുന്നു. സിദ്ധിഖ്, ഇന്ദ്രന്‍സ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, ജോണി ആന്റണി, ഇടവേള ബാബു, വെട്ടുകിളി പ്രകാശ്, നിര്‍മല്‍ പാലാഴി, സന്തോഷ് കീഴാറ്റൂര്‍, ശിവദാസ് മട്ടന്നൂര്‍, ജിന്‍സ് ഭാസ്‌കര്‍, ബേബി ശ്രീലക്ഷ്മി തുടങ്ങിയവര്‍ക്കൊപ്പം മുപ്പതോളം പുതുമുഖതാരങ്ങളും അണി നിരക്കുന്നു. സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.