Thursday, May 16, 2024
keralaNews

സംസ്ഥാനത്ത് അരിവിലയും കുതിക്കുന്നു.

സംസ്ഥാനത്ത് അരിവിലയും കുതിക്കുന്നു. പത്ത് ദിവസത്തിനിടെ അഞ്ച് മുതല്‍ പത്ത് രൂപ വരെയാണ് കൂടിയത്. വിപണിയില്‍ സര്‍ക്കാര്‍ ഇടപെടല്‍ കാര്യക്ഷമമല്ലെന്നും ഇടനിലക്കാരാണ് വില വര്‍ധനവിന് പിന്നിലെന്നും വ്യാപാരികള്‍ കുറ്റപ്പെടുത്തുന്നു.മൊത്തവിപണന കേന്ദ്രമായ കോഴിക്കോട് വലിയങ്ങാടിയിലെ വിലനിലവാരം ഇങ്ങനെയാണ്. 32 രൂപയുടെ വെള്ളക്കുറുവയ്ക്ക് 38 ആയി ഉയര്‍ന്നു. മഞ്ഞക്കുറുവ 30ല്‍ നിന്ന് 36 ആയി. 30 രൂപയുണ്ടായിരുന്ന പൊന്നിക്ക് 34 മുതല്‍ 38 വരെ കൊടുക്കണം. കര്‍ണാടകയില്‍ നിന്നുള്ള വടിമട്ടയ്ക്ക് 15 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. വില 33ല്‍ നിന്ന് 48 ആയി. കര്‍ണാടകയിലും ആന്ധ്രയിലും ഉണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവുമാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് പൊതുവിലുള്ള സംസാരം.എന്നാല്‍ യഥാര്‍ഥ കാരണം ഇടനിലക്കാരാണെന്ന് വ്യാപാരകള്‍ തന്നെ തുറന്നു സമ്മതിക്കുന്നു. കുത്തക അരിമില്ലുകള്‍ സാധനങ്ങള്‍ സ്റ്റോക്ക് ചെയ്യുന്നതിലൂടെ കൃതൃമ വിലകയറ്റം ഉണ്ടാകുന്നതാണ് നിലവിലെ പ്രതിസന്ധി. ഈ പ്രശ്‌നം മനസിലാക്കുന്നതിന് പകരം വിപണിയിലിടപെടാതെ സര്‍ക്കാര്‍ ചില്ലറ വില്‍പ്പനക്കാരെ ദ്രോഹിക്കുകയാണെന്നാണ് ആക്ഷേപം.കേരളത്തില്‍ ഓരോ മാസവും 3.3 ലക്ഷം ടണ്‍ അരിയാണ് വില്‍ക്കുന്നത്. 1.83 ലക്ഷം വെള്ള അരിയും 1.5 ലക്ഷം ടണ്‍ മട്ടയുമാണ് ആവശ്യം. എന്നാല്‍ അരിയുടെ വരവ് ഒരുമാസത്തിനിടെ 30 ശതമാനം കുറഞ്ഞിട്ടുണ്ട്. ഇന്ധനവില വര്‍ധനവവും കൂടിയ കയറ്റിറക്ക് കൂലിയുമെല്ലാം വിലകയറ്റത്തിന് ആക്കം കൂട്ടുന്നു.