Wednesday, May 15, 2024
Agriculture

പാലക്ക് ചീര വീട്ടില്‍ തന്നെ കൃഷി ചെയ്യാം.

കേരളത്തിലെ കാലാവസ്ഥയില്‍ നല്ല രീതിയില്‍ കൃഷി ചെയ്യാന്‍ സാധിക്കുന്ന ഒന്നാണ്.പണ്ട് കാലങ്ങളില്‍ അധികം പ്രചാരം നേടിയിട്ടില്ലാത്ത ഈ വിളയ്ക്ക് ഇപ്പോള്‍ കേരളത്തില്‍ ആവശ്യക്കാര്‍ ഏറെയാണ്.ചുവന്ന ചീരയ്ക്ക് ശേഷം നല്ല രീതിയില്‍ പ്രചാരത്തില്‍ എത്തിയിട്ടുള്ള ഒന്നാണ് ആണ് പാലക്ക് ചീര. എളുപ്പത്തില്‍ പാചകം ചെയ്യാന്‍ കഴിയുന്നതും പോഷക സമ്പന്നവുമായ പാലക് ചീര 30 ദിവസങ്ങള്‍ കൊണ്ട് വിളവെടുക്കാവുന്ന ഒരു വിളയാണ്.ഇല ഉപയോഗിക്കുന്നതിനാല്‍ ഒരു ചെടിയില്‍ നിന്ന് തുടര്‍ച്ചയായി ലഭിക്കുന്ന വിള പാകം ചെയ്യാനായി ഉപയോഗിക്കാം. സാധാരണ ചീര ഒരു തവണ മാത്രമേ വിളവെടുക്കാന്‍ സാധിക്കൂ. എന്നാല്‍, പാലക് ചീരയില്‍ നിന്നും തുടര്‍ച്ചയായി വിളവെടുക്കാന്‍ സാധിക്കും. കടകളിലും മറ്റും സുലഭമായി ലഭിക്കുന്ന ഇതിന്റെ വിത്തുകളാണ് മുളപ്പിക്കേണ്ടത്.

സാധാരണയായി 10 ഗ്രാമിന്റെ വിത്തിന് 30 രൂപയാണ് വില വരുന്നത്. ബീറ്റ്‌റൂട്ട് വിത്തുകളോട് സാമ്യമുള്ളവയാണ് പാലക് ചീരയുടെ വിത്തുകള്‍. മാനുഫാക്ചറിങ് തീയതിയും എക്‌സ്‌പെയറി തീയതിയും നോക്കി വേണം വിത്തുകള്‍ വാങ്ങാന്‍. എക്‌സ്‌പെയറി തീയതിയ്ക്ക് രണ്ടോ മൂന്നോ മാസം മുന്‍പെങ്കിലും വാങ്ങി ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.എട്ടു മണിക്കൂറോളം വെള്ളത്തിലിട്ട് വച്ച ശേഷം വേണം ഈ വിത്തുകള്‍ ഉപയോഗിക്കാന്‍. വളരെ പെട്ടെന്ന് വേര് പിടിക്കാനും ഭംഗിയായി ചെടികള്‍ വളരാനും കഞ്ഞി വെള്ളം ഉപയോഗിക്കുന്നത് ഉത്തമമായിരിക്കും. വിത്തുകള്‍കഞ്ഞി വെള്ളത്തിലിട്ടു ഒന്നിളക്കിയ ശേഷം എട്ടു മണിക്കൂറോളം കുതിരാന്‍ വയ്ക്കുക. ശേഷം ഒരു ചെറിയ കോട്ടണ്‍ തുണിയില്‍ നനവോട് കൂടെ തന്നെ മൂന്ന്-നാല് മണിക്കൂര്‍ വയ്ക്കുക. ശേഷം ഇത് പാകാവുന്നതാണ്. ചെടി നടാന്‍ ഉദ്ദേശിക്കുന്നിടത്ത് തന്നെ പാകി മുളപ്പിക്കുന്നതാണ് വിത്തുകള്‍ മുളപ്പിച്ച് പറിച്ചു നടുന്നതിനേക്കാള്‍ നല്ലത്.നടാനായി മണ്ണ് ക്രമീകരിക്കുമ്പോള്‍ ഏതെങ്കിലും ഒരു ജൈവ വളം നല്‍കുന്നത് നല്ലതാണ്. ചാണക പൊടി മണ്ണിരക്കമ്പോസ്റ്റ് എന്നിവ ഇതിനായി ഉപയോഗിക്കാവുന്നതാണ്. ചട്ടിയിലാണ് നടാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ വലിയ ചട്ടി ഉപയോഗിക്കുന്നതാണ് നല്ലത്. ഒരു ചട്ടിയില്‍ മൂന്നു മുതല്‍ നാല് വരെ വിത്തുകള്‍ നടാവുന്നതാണ്. ഈര്‍പ്പം നിലനിര്‍ത്തി വേണം ഈ ചെടി പരിചരിക്കാന്‍. ജലാംശമില്ലെങ്കില്‍ ചെടി ഉണങ്ങി പോകുമെന്നതിനാല്‍ മണ്ണിന്റെ അവസ്ഥ മനസ്സിലാക്കി ദിവസവും വെള്ളം നനച്ച് കൊടുക്കുക.വിത്തുകള്‍ പാകിയ ശേഷം ഒരാഴ്ച കൊണ്ട് തന്നെ ഒരാഴ്ച മുതല്‍ തന്നെ പാലക് ചീര കിളിര്‍ത്തു തുടങ്ങും. രണ്ടാഴ്ച മുതല്‍ വളം ചെയ്ത് തുടങ്ങാം. വളരെ പെട്ടന്ന് വിളവെടുക്കുന്ന വിളയായതിനാല്‍ ദ്രാവകരൂപത്തിലുള്ള വളങ്ങള്‍ ചെയ്യുന്നതാണ് ഉത്തമം. കഞ്ഞിവെള്ളം, ചെറുപയറുപൊടി, തേങ്ങാവെള്ളം, പച്ചക്കറി തുടങ്ങിയവായില്‍ നിന്നുള്ള ദ്രവവളങ്ങളാണ് ഇതിന് നല്ലത്. മൂന്നുനാലു ദിവസം ഇടവിട്ടുള്ള വളപ്രയോഗമാണ് നല്ലത്.

പാലക് ചീരയില്‍ പ്രധാനമായും ഉണ്ടാകുന്ന ഒന്നാണ് പുഴു ആക്രമണ0. ചിത്രശലഭങ്ങള്‍ മുട്ടയിട്ടുണ്ടാകുന്ന പുഴുക്കള്‍ ആണ് ഇതില്‍ പ്രധാനം. പുകയിലക്കഷായമാണ് ഇതിനുള്ള ഉത്തമ പരിഹാരം. അതുപോലെ തന്നെ വേപ്പെണ്ണ എമല്‍ഷന്‍ ആഴ്ചയിലൊരിക്കല്‍ സ്‌പ്രേ ചെയ്തു കൊടുക്കുന്നതും നല്ലതാണ്. എന്നാല്‍, വിളവെടുക്കുന്നതിനു ഒരാഴ്ച മുന്‍പ് ഈ വളപ്രയോഗം നിര്‍ത്തണം.അതുപോലെ തന്നെ വെട്ടിലിന്റെ ശല്യവും പാലക് ചീര കൃഷിയിലെ വെല്ലുവിളിയാണ്. ഒരു കത്രിക ഉപയോഗിച്ച് മുറിക്കുകയോ കൈകള്‍ കൊണ്ടോ ഒടിയ്ക്കുകയോ ചെയ്ത് ഈ വിള ശേഖരിക്കാവുന്നതാണ്. ഏറ്റവും വലിയ ഇലകള്‍ നോക്കി വേണം മുറിച്ചെടുക്കണം. 30 ദിവസം പ്രായമായ ഒരു ചെടിയില്‍ നിന്നും ഒരുപാട് ഇലകള്‍ ലഭിക്കും .വീടുകളിലെ കഞ്ഞി വെള്ളം പോലെയുള്ള വേസ്റ്റ് കൊണ്ടുമാത്രം മാത്രം നല്ല രീതിയില്‍ കൃഷി ചെയ്യാന്‍ കഴിയുന്ന പോഷകസമ്പന്നമായ ഒരു വിളയാണ് പാലക് ചീര.