Thursday, May 2, 2024
EntertainmentkeralaNews

ഒഎന്‍വി കള്‍ചറല്‍ പുരസ്‌കാരം വേണ്ട; പുരസ്‌കാരത്തിനായി പരിഗണിച്ചതില്‍ നന്ദിയുണ്ട് വൈരമുത്തു

ഒഎന്‍വി കള്‍ചറല്‍ പുരസ്‌കാരം വേണ്ടെന്ന് ഗാനരചയിതാവും കവിയുമായ വൈരമുത്തു. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പുരസ്‌കാരം വേണ്ടെന്ന് വെയ്ക്കുന്നത്. പുരസ്‌കാരത്തിന് പരിഗണിച്ചതില്‍ നന്ദിയുണ്ടെന്നും വൈരമുത്തു അറിയിച്ചു. മീ ടൂ ആരോപണ വിധേയനായ വൈരമുത്തുവിനെ ഒഎന്‍വി പുരസ്‌കാരത്തിന് പരിഗണിച്ചതിനെതിരെ ഗായിക ചിന്മയി, എന്‍.എസ്. മാധവന്‍, പാര്‍വതി തിരുവോത്ത് കെ.ആര്‍. മീര തുടങ്ങി നിരവധി പ്രമുഖര്‍ രംഗത്ത് എത്തി. ഇതോടെ ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമിയുടെ തീരുമാനം വിവാദമാവുകയും ചെയ്തിരുന്നു.                                                                                                                         ഇതിന് പിന്നാലെ അക്കാദി ചെയര്‍മാനും സംവിധായകനുമായ അടൂര്‍ ഗോപാലകൃഷ്ണന്‍ സ്വഭാവ ഗുണം നോക്കിയല്ല അവാര്‍ഡിന് പരിഗണിച്ചത്. എഴുത്തിലെ മികവ് പരിഗണിച്ചാണ്. സ്വഭാവശുദ്ധിക്ക് മറ്റൊരു പുരസ്‌കാരം നല്‍കണമെന്നും അദ്ദേഹം സ്വകാര്യ മാധ്യമത്തോട് പ്രതികരിച്ചിരുന്നു. ഇതോടെ വിവാദം വീണ്ടും ചൂട് പിടിച്ചു. പിന്നാലെ ഒഎന്‍വി പുരസ്‌കാരം വൈരമുത്തുവിന് നല്‍കുന്നത് സംബന്ധിച്ച് പുനപരിശോധന നടത്തുന്നതാണെന്ന് അവാര്‍ഡ് നിര്‍ണ്ണയ സമിതി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വൈരമുത്തിവിന് പുരസ്‌കാരം നല്‍കുന്നതിനെതിരെ നിരവധി എതിര്‍പ്പുകള്‍ ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം പുനപരിശോധിക്കാന്‍ തീരുമാനിച്ചത്.