Wednesday, May 1, 2024
EntertainmentkeralaNews

കേരള സ്റ്റോറി പ്രദര്‍ശനത്തില്‍ രാഷ്ട്രീയമില്ലെന്ന് താമരശ്ശേരി രൂപത

കോഴിക്കോട്: ഇടുക്കി രൂപതയില്‍ കേരള സ്റ്റോറി പ്രദര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്ന് താമരശ്ശേരി രൂപത കെസിവൈഎം ഡയറക്ടര്‍ ജോര്‍ജ്ജ് വെള്ളക്കാകുടിയില്‍. കേരളത്തില്‍ നടന്ന യഥാര്‍ത്ഥ സംഭവമാണ് ആ സിനിമ. നിരോധിത സിനിമ അല്ലാത്തതിനാല്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

സിനിമ പ്രദര്‍ശിപ്പിച്ചതില്‍ ഇടുക്കി രൂപതയെ ഒറ്റപ്പെടുത്തെണ്ട കാര്യമില്ല. അജണ്ട വെച്ചുള്ള പ്രണയങ്ങള്‍ക്ക് എതിരെ ബോധവത്കരണം അനിവാര്യമാണ്. മതപരിവര്‍ത്തനം ലക്ഷ്യമിട്ടുള്ള പ്രണയങ്ങള്‍ എതിര്‍ക്കപ്പെടണം. 320ധികം കുട്ടികളെ പ്രണയക്കെണിയില്‍ നിന്ന് താമരശ്ശേരി രൂപത രക്ഷിച്ചിട്ടുണ്ട്. സിനിമാ പ്രദര്‍ശനം മുസ്ലിംകള്‍ക്ക് എതിരല്ലെന്നും ജോര്‍ജ്ജ് വെള്ളക്കാകുടിയില്‍ പറഞ്ഞു. താമരശ്ശേരി രൂപതയിലെ എല്ലാ കെസിവൈഎം യൂണിറ്റുകളിലും കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കും.

ശനിയാഴ്ച ആണ് പ്രദര്‍ശനം. സഭയുടെ മക്കളെ പ്രതിരോധത്തിന്റെ പരിശീലകരാക്കുകയെന്ന കാലഘട്ടത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞ ഇടുക്കി രൂപതയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിക്കുന്നുവെന്ന് താമരശേരി കെസിവൈഎം അറിയിച്ചു. കഴിഞ്ഞ ദിവസം ദൂരദര്‍ശനില്‍ കേരള സ്റ്റോറി സിനിമ സംപ്രേഷണം ചെയ്യുന്നതിന് തൊട്ടുതലേന്നാണ് ഏപ്രില്‍ നാലിന് ഇടുക്കി രൂപത സിനിമ പ്രദര്‍ശിപ്പിച്ചത്. കുട്ടികളുടെ വേദപഠന ക്ലാസുകള്‍ നടക്കുന്ന പള്ളികളില്‍ കൗമാരക്കാരായ കുട്ടികള്‍ക്ക് വേണ്ടിയാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്.

പ്രണയം എന്ന വിഷയത്തെക്കുറിച്ചുള്ള ക്ലാസിന്റെ ഭാഗമായായിരുന്നു പ്രദര്‍ശനമെന്നാണ് വിശദീകരണം. ലവ്ജിഹാദ് എന്നത് യാഥാര്‍ത്ഥ്യമാണെന്നും രൂപത പ്രതികരിച്ചു.