Thursday, May 9, 2024
Uncategorized

കേരള കോണ്‍ഗ്രസിനെ എല്‍.ഡി.എഫില്‍ ഘടകകക്ഷിയാക്കും സി.പി.എം കേന്ദ്രനേതൃത്വം .

കേരള കോണ്‍ഗ്രസിനെ എല്‍.ഡി.എഫില്‍ ഘടകകക്ഷിയാക്കാന്‍ സി.പി.എം കേന്ദ്രനേതൃത്വത്തിന്റെ പച്ചക്കൊടി. എല്‍.ഡി.എഫിനെ ശക്തിപ്പെടുത്തുന്ന നിലപാടാണ് ജോസ് കെ മാണിയുടേതെന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കി. സി.പി.ഐക്ക് എതിര്‍പ്പില്ലാത്തതിനാല്‍ ഇടത് ഐക്യത്തെ ബാധിക്കില്ലെന്നും എല്‍.ഡി.എഫില്‍ ഉടന്‍ ധാരണയുണ്ടാക്കുമെന്നുമാണ് സി.പി.എം കേന്ദ്രനേതൃത്വത്തിന്റെ നിലപാട്.കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ ഇടതുമുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് ഇടതുമുന്നണിക്ക് തലവേദനയായി മാറിയിരിക്കുകയാണ് പാലാ, കാഞ്ഞിരപ്പളളി സീറ്റുകള്‍. ജോസ് കെ മാണി വിഭാഗത്തിന് കാഞ്ഞിരപ്പളളി സീറ്റ് വിട്ടുകൊടുക്കുന്നതിനോട് സി.പി.ഐക്ക് കടുത്ത എതിര്‍പ്പുണ്ട്.ഇടതുമുന്നണി വിപുലീകരണവും ജോസ് കെ മാണി മുന്നോട്ട് വച്ച ആവശ്യങ്ങളും ഇന്ന് ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ചര്‍ച്ച ചെയ്യും. പാലാ സീറ്റില്‍ എന്‍.സി.പിയും ജോസ് വിഭാഗവും ഉറച്ച് നില്‍ക്കുമ്പോള്‍ പ്രശ്‌ന പരിഹാരമാണ് സിപിഎമ്മിന് മുന്നിലെ കടമ്പ. ജോസിന്റെ മുന്നണി പ്രവേശനത്തില്‍ സി.പി.ഐ നിലപാടറിയാന്‍ സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷം കാനം രാജേന്ദ്രനുമായി കോടിയേരി ചര്‍ച്ച നടത്തും.

എന്‍.സി.പി സംസ്ഥാന നേതൃയോഗം ഇന്ന് കൊച്ചിയില്‍ ചേരുന്നുണ്ട്. പാലാ സീറ്റ് വിഷയത്തില്‍ തത്ക്കാലം ചര്‍ച്ച വേണ്ടെന്ന നിലപാടിലാണ് എന്‍.സി.പി നേതൃത്വമെങ്കിലും വിഷയം യോഗത്തില്‍ ഉന്നയിക്കാനാണ് മാണി സി കാപ്പന്റെ നീക്കം. മാണി സി കാപ്പന്‍ വിജയിച്ച സീറ്റ് ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് ടി.പി പീതാംബരന്‍ മാസ്റ്ററും എ.കെ ശശീന്ദ്രനും വ്യക്തമാക്കിയിട്ടുണ്ട്. പാലാ, കുട്ടനാട്, ഏലത്തൂര്‍ മണ്ഡലങ്ങളില്‍ എന്‍.സി.പി തന്നെ മത്സരിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. പാലാ വിട്ടുകൊടുക്കണമെന്ന് സി.പി.എം ആവശ്യപ്പെടുമെന്ന് കരുതുന്നില്ല. ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായമില്ല. മാണി സി കാപ്പന്‍ എന്‍.സി.പി വിടില്ലെന്നും യോഗത്തിന് മുന്നോടിയായി ടി.പി പീതാംബരന്‍ മാസ്റ്റര്‍ വ്യക്തമാക്കി.