Thursday, May 2, 2024
keralaNews

കടയ്ക്കാവൂര്‍ പോക്‌സോ കേസ്; കുട്ടിയുടെ അമ്മയ്ക്ക് ജാമ്യം…

കടയ്ക്കാവൂര്‍ പീഡന കേസില്‍ പ്രതിസ്ഥാനത്തുള്ള അമ്മയ്ക്ക് ജാമ്യം. വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണം നടത്തണം. ആഴത്തിലുള്ള അന്വേഷണം ആവശ്യമാണ്. കുട്ടിക്ക് വൈദ്യ പരിശോധനയ്ക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണം. കുട്ടിയെ പ്രത്യേക സര്‍ക്കാര്‍ സംരക്ഷണയിലേക്ക് മാറ്റണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.കേസില്‍ കുട്ടിയുടെ മൊഴിയില്‍ കഴമ്പുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വാദിച്ചിരുന്നു. ഇത് കുടുംബ പ്രശ്‌നം മാത്രമല്ലെന്നും അമ്മയുടെ മൊബൈല്‍ ഫോണില്‍ നിന്ന് നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും അമ്മയുടെ ജാമ്യഹര്‍ജിയെ എതിര്‍ത്ത് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. കേസ് ഡയറി പരിശോധിക്കാന്‍ കോടതി തയ്യാറാകണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഇത് കണക്കിലെടുത്ത കോടതി കേസ് ഡയറി ഹാജരാക്കാനും ആവശ്യപ്പെട്ടിരുന്നു.കുട്ടിയ്ക്ക് അമ്മ ചില മരുന്നുകള്‍ നല്‍കിയിരുന്നതായി കുട്ടിയുടെ മൊഴികളില്‍ പറയുന്നുണ്ട്. പൊലീസ് നടത്തിയ പരിശോധനയില്‍ ഈ മരുന്ന് അമ്മയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ടെന്നും ഇതിനാല്‍ അമ്മയ്ക്ക് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടു. വിശദമായ വാദം കേട്ട കോടതി കേസ് ഡയറി കൃത്യമായി പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന് ഒടുവില്‍ നിലപാടെടുക്കുകയായിരുന്നു.