Saturday, May 18, 2024
keralaNews

ചോദ്യം ചെയ്യാന്‍ ഇഡി നോട്ടിസ്; സി.എം.രവീന്ദ്രന്‍ മൂന്നാമതും ആശുപത്രിയില്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീ.പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന്‍ വീണ്ടും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അഡ്മിറ്റായി.വ്യാഴാഴ്ച ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടിസ് നല്‍കിയിരുന്നു. ഇതു മൂന്നാംവട്ടമാണു ചോദ്യംചെയ്യലിന്റെ തൊട്ടുമുന്‍പു രവീന്ദ്രന്‍ ആശുപത്രിയില്‍ പ്രവേശിക്കുന്നത്. കോവിഡിനു ശേഷമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള ചികിത്സയ്ക്കാണ് എത്തിയതെന്നാണു വിശദീകരണം.
ഇതേ പ്രശ്‌നങ്ങള്‍ക്കും പരിശോധനകള്‍ക്കുമാണു മുന്‍പും ആശുപത്രിയില്‍ പോയത്.സിപിഎം അടക്കം ഈ നടപടികളെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. കെഫോണ്‍, ലൈഫ് മിഷന്‍ പദ്ധതികളിലെ കള്ളപ്പണ ബെനാമി ഇടപാടുകളെക്കുറിച്ച് അറിയാനാണു രവീന്ദ്രനെ ചോദ്യംചെയ്യുന്നത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫിസിലെ ശിവശങ്കറിന്റെ സംഘത്തിനും സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിയാമായിരുന്നുവെന്നാണു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍.