Wednesday, May 8, 2024
keralaNews

ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ വിവാദം:മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരായ ആരോപണത്തിലുറച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ സംബന്ധിച്ച് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരായ ആരോപണത്തിലുറച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇ എം സി സി എം ഡിയുമായി മന്ത്രി ചര്‍ച്ച നടത്തുന്ന ഫോട്ടോ ചെന്നിത്തല പുറത്തുവിട്ടു. മന്ത്രി ജെ. മേഴ്സികുട്ടിയമ്മയുമായി കമ്പനിയുടെ ഉടമസ്ഥന്‍ ഷിജു വര്‍ഗീസ് ചര്‍ച്ച നടത്തുന്നതിന്റെ ചിത്രങ്ങളാണ് പുറത്തുവിട്ടത്.ഇഎംസിസിയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന മന്ത്രിയുടെ വാദം നുണയാണെന്നും ചെന്നിത്തല പറഞ്ഞു. ആഴക്കടല്‍ മത്സ്യബന്ധനക്കരാറില്‍ നിന്നു സര്‍ക്കാര്‍ പിന്മാറണം. സംശയത്തിന്റെ മുന മുഖ്യമന്ത്രിയിലേക്കാണ് നീളുന്നതെന്നും ചെന്നിത്തല പറഞ്ഞു. കള്ളി വെളിച്ചത്തായപ്പോള്‍ മന്ത്രി ഉരുണ്ടു കളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. മന്ത്രിയുമായി ചര്‍ച്ച നടത്തിയെന്നാണ് കമ്പനി ഉടമകള്‍ പറയുന്നത്. എന്നാല്‍ മന്ത്രി അറിയില്ലെന്നും പറയുന്നു.

ഫിഷറീസ് വകുപ്പ് ജോയിന്റെ സെക്രട്ടറി ഉള്‍പ്പെടെ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. മന്ത്രി ഇ.പി. ജയരാജന് കമ്പനി നല്‍കിയ കത്തിലും മേഴ്സിക്കുട്ടിയമ്മയുമായി ചര്‍ച്ച നടത്തിയ കാര്യം പറയുന്നുണ്ട്. മന്ത്രിയുമായി ചര്‍ച്ച നടത്തിയശേഷമാണ് കേരളത്തിലേക്ക് എത്തിയതെന്നാണ് കമ്പനി അധികൃതര്‍ കത്ത് നല്‍കിയിട്ടുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.ഓരോ തട്ടിപ്പുകള്‍ പുറത്തു കൊണ്ടുവന്നപ്പോഴും മാനസിക നില തെറ്റിയെന്ന ആക്ഷേപമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നയിച്ചത്. കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ മനോനിലയില്‍ മാറ്റമുണ്ടാകും. മന്ത്രി മേഴ്‌സി കുട്ടിയമ്മ അതോര്‍ക്കുന്നത് നല്ലതാണ്. മേഴ്‌സികുട്ടിയമ്മയുമായി ചര്‍ച്ച നടത്തിയെന്ന് കമ്പനി വ്യവസായ മന്ത്രിക്കയച്ച കത്തില്‍ പറയുന്നു. മന്ത്രിസഭയുടെ അംഗീകാരം ആവശ്യപ്പെട്ടാണ് ഇ എം സി സി കത്തയച്ചത്. ന്യൂയോര്‍ക്കില്‍ വച്ച് മേഴ്‌സിക്കുട്ടിയമ്മയുമായി ചര്‍ച്ച നടത്തിയ കാര്യം കത്തില്‍ പറയുന്നുണ്ട്. ഫിഷറിസ് വകുപ്പില്‍ സമര്‍പ്പിച്ച പദ്ധതി രേഖയെ കുറിച്ചും കത്തില്‍ പറഞ്ഞിട്ടുണ്ട്. മന്ത്രിമാര്‍ ഇന്നലെ പറഞ്ഞത് പച്ചക്കള്ളമാണ്. പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നും ചെന്നിത്തല പറഞ്ഞു.