Saturday, May 18, 2024
keralaLocal News

സംസ്ഥാനത്തെ ഏറ്റവും മികച്ച പാര്‍ലമെന്റേറിയന്‍ എരുമേലി സെന്റ് തോമസില്‍ നിന്ന്

2020 ജനുവരി 19 ന് നടന്ന സംസ്ഥാന തല മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച എരുമേലി സെന്റ് തോമസിലെ മോഡല്‍ യൂത്ത് പാര്‍ലമെന്റ് ടീമില്‍ നിന്ന് സ്പീക്കറുടെ റോള്‍ വളരെ ഭംഗിയായി കൈകാര്യം ചെയ്ത കുമാരി അലീന കാതറിന്‍ ബിജു സംസ്ഥാനത്തെ മികച്ച പാര്‍ലമെന്റേറിയന്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു.2011 ല്‍ സംസ്ഥാനതലത്തില്‍ നാലാം സ്ഥാനവും തുടര്‍ന്നുള്ള മിക്ക വര്‍ഷങ്ങളിലും ജില്ലയില്‍ ഒന്നാം സ്ഥാനവും നേടിയ ടീം സെന്റ് തോമസില്‍ നിന്ന് 2011ല്‍ നിതിന്‍ ജോസും 2015ല്‍ അന്നു ഏബ്രഹാമും 2017ല്‍ അനിറ്റ് മരിയ ആന്റണിയും മികച്ച പാര്‍ലമെന്റേറിയന്മാരായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

2019 നവംബര്‍ 21 ന് നടന്ന മത്സരത്തില്‍ കോട്ടയം ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയ ടീം സംസ്ഥാന മത്സരത്തിന് കാത്തിരിക്കവേയാണ് കോവിഡ് മഹാമാരിയുടെ പിടിയിലേക്ക് ലോകം കൂപ്പു കുത്തിയത്. ലോക് ഡൌണ്‍ മൂലവും പിന്നീട് സ്‌കൂളുകള്‍ തുറക്കാന്‍ ആവാത്ത സാഹചര്യവും മൂലം മുടങ്ങിയ മത്സരം 14 മാസങ്ങള്‍ക്ക് ശേഷം വീണ്ടും നടക്കും എന്നറിയിച്ചപ്പോള്‍ അന്നത്തെ പാര്‍ലമെന്റ് സാഹചര്യം ആകെ മാറിപ്പോയിരുന്നു. ഒരു ദശാബ്ദത്തിലേറെ സ്‌കൂളിലെ സോഷ്യല്‍ സയന്‍സ് വിഭാഗത്തിലെ അധ്യാപകനും മോഡല്‍ യൂത്ത് പാര്‍ലമെന്റ് മത്സരത്തിന്റെ നേടും തൂണുമായിരുന്ന സജി പി. ഡൊമിനിക് 2020 ല്‍ റിട്ടയര്‍ ചെയ്തു പോവുകയും ചെയ്തു. മുമ്പ് 56 പേര്‍ മത്സരിച്ചത് കോവിഡ് കാരണം പതിനേഴായി കുറച്ചതും മണിക്കൂറുകള്‍ നീളുമായിരുന്ന പാര്‍ലമെന്റ് സമ്മേളനം വെറും ഇരുപത് മിനിറ്റായി ചുരുക്കിയതും വെല്ലുവിളി ആയി.

പ്രതിസന്ധികളെ അവസരങ്ങളായി മാറ്റുന്നതാണ് നല്ല പാര്‍ലമെന്റ് സംസ്‌കാരം എന്ന് മറ്റ് ആരെക്കാളും അറിയുന്ന അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ടീം പതറിയില്ല. കര്‍ഷക സമരവും, കോവിഡും, പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്‍പ്പനയും ഉള്‍പ്പടെ സമകാലിക പ്രശ്‌നങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് ഇരുപത് മിനിറ്റില്‍ ഒതുങ്ങുന്ന സ്‌ക്രിപ്റ്റ് ഒരുക്കി കോവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിച്ച് രണ്ട് പരിശീലനം നടത്തി. ശേഷം അങ്കം ഗൂഗിള്‍ മീറ്റില്‍ തുടര്‍ന്നു. പരസ്പരം നേരിട്ട് കാണാതെ ടെക്നോളജിയുടെ സഹായത്തോടെ ആണെങ്കില്‍ പോലും നടന്ന ടീമിന്റെ പ്രാക്റ്റിസ് വീടുകളില്‍ മാതാപിതാക്കളെ പോലും അതിശയിപ്പിച്ചു.വളരെ മികച്ച അഭിപ്രായമാണ് സ്‌ക്രിപ്പിറ്റിനെ കുറിച്ചും കുട്ടികളുടെ പ്രകടനത്തെക്കുറിച്ചും സംസ്ഥാന തല ജഡ്ജിങ് പാനല്‍ വിലയിരുത്തി കുട്ടികളെ തന്നെ അറിയിച്ചത്.ഹെഡ്മാസ്റ്റര്‍ പി. ജെ. തോമസ്, അധ്യാപകരായ സജി പി. ഡൊമിനിക്, സിസ്റ്റര്‍ ആന്‍സില്ല, ഷാജി ജോസഫ്, ഷിജോ ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.