Friday, May 17, 2024
keralaNews

കേരള സര്‍വകലാശാല വൈസ് ചാന്‍സിലറുടെ ഭാഷയെ വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

തിരുവനന്തപുരം:ഡി-ലിറ്റ് വിവാദത്തില്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സിലറുടെ ഭാഷയെ വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വൈസ് ചാന്‍സിലറുടെ ഭാഷ കണ്ട് താന്‍ ഞെട്ടിയെന്നും ലജ്ജാകരമായ ഭാഷയാണ് ഉപയോഗിച്ചതെന്നും ഗവര്‍ണര്‍ പറഞ്ഞു.ഇങ്ങനെയാണോ ഒരു വൈസ് ചാന്‍സിലറുടെ ഭാഷ, രണ്ടു വരി തെറ്റില്ലാതെ എഴുതാന്‍ അറിയില്ല. ഇതാണ് നമ്മുടെ ഉന്നത വിദ്യാഭ്യാസമേഖല. ചാന്‍സലര്‍ ആവശ്യപ്പെട്ടിട്ടും സിന്‍ഡിക്കേറ്റ് യോഗം വിളിച്ചില്ല. ചാന്‍സലറെ ധിക്കരിച്ചു. പുറത്ത് മുഖം കാണിക്കാന്‍ ലജ്ജ തോന്നുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.രാഷ്ട്രപതിക്ക് ഡി-ലിറ്റ് നല്‍കി ആദരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ പറ്റില്ലെന്ന മറുപടിയാണ് വൈസ് ചാന്‍സിലറില്‍ നിന്ന് ലഭിച്ചത്. ആ മറുപടിയും ഭാഷയും കണ്ട് അതിന്റെ ഞെട്ടലില്‍ നിന്ന് ഏറെ സമയമെടുത്താണ് താന്‍ മോചിതനായത്. സിന്‍ഡിക്കേറ്റ് യോഗം വിളിച്ചാണ് വിസി തീരുമാനം എടുക്കേണ്ടിയിരുന്നത്. എന്നാല്‍ മറ്റാരുടേയോ നിര്‍ദേശമാണ് അദ്ദേഹം മറുപടി നല്‍കിയത്. അതിന് ശേഷം മുഖ്യമന്ത്രിയുടെ ഓഫീസില്‍ വിളിച്ചു. എന്നാല്‍ മുഖ്യമന്ത്രിയുമായി സംസാരിക്കാനായില്ല.തുടര്‍ന്ന് വൈസ്ചാന്‍സിലറെ വിളിച്ചു. സിന്‍ഡിക്കേറ്റ് തീരുമാനപ്രകാരമാണ് ഡി-ലിറ്റ് നല്‍കാനാവില്ലെന്ന മറുപടി നല്‍കിയതെന്ന് വിസി അറിയിച്ചു. പക്ഷേ സിന്‍ഡിക്കേറ്റ് യോഗം വിളിക്കാനുള്ള നിര്‍ദേശം പാലിച്ചിരുന്നില്ല. ചാന്‍സിലര്‍ എന്ന നിലയില്‍ എന്നെ ധിക്കരിച്ചു. താന്‍ ഇതുവരെ കടുത്ത നടപടി എടുത്തിട്ടില്ല. ഇനി അത് പറ്റില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു.