Thursday, May 16, 2024
keralaNews

എരുമേലിയെ ആധുനിക നിലവാരത്തിലേയ്ക്ക് കൈപിടിച്ചുയർത്തും. അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ.

എരുമേലി: മതമൈത്രിയുടെ ഈറ്റില്ലമായ എരുമേലിയെ ആധുനിക നിലവാരത്തിലേയ്ക്ക് കൈപിടിച്ചുയർത്തുമെന്ന് എൽ ഡി എഫ് സ്ഥാനാർത്ഥി അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എരുമേലിയെ ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുവാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. മതസൗഹാർദ്ദ കേന്ദ്രമെന്ന നിലയിൽ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്താനുള്ള ശ്രമം ഉണ്ടാകും.
ശബരിമലയുടെ പ്രധാന ഇടത്താവളമായ എരുമേലി ലോകമൊന്നാകെ ശ്രദ്ധിക്കുന്ന  കേന്ദ്രമാണ്. പ്രദേശത്തിൻ്റെ പ്രാധാന്യം കണ്ടറിഞ്ഞുള്ള വികസനം ഇതുവരെ ഇവിടെ നടപ്പിലായിട്ടില്ല. പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ നിന്ന് താൻ തെരഞ്ഞെടുക്കപ്പെട്ടാൽ എരുമേലിയ്ക്കൊപ്പം  മലയോര ജില്ലകളുടെയാകെ വികസനത്തിന് വഴിവയ്ക്കുന്ന ശബരി വിമാനത്താവളം യാഥാർത്ഥ്യമാക്കാൻ പരിശ്രമിക്കും. കൂടാതെ ഗുരുവായൂർ മോഡലിൽ എരുമേലി ടൗൺഷിപ്പ് രൂപികരിക്കാനും ശ്രമം നടത്തും. എരുമേലി പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും  ഇപ്പോളും കുടിവെള്ള ക്ഷാമം രൂക്ഷമായ മേഖലകളാണ്.ഇതിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ എരുമേലി സൗത്ത് വാട്ടർ സപ്ലൈ സ്കീം വഴി പഞ്ചായത്തിലെ ഓരോ വീടുകളിലും കുടിവെള്ളം എത്തിക്കുവാൻ നീക്കം നടത്തും. എരുമേലിയുടെ നാളുകളായുള്ള ആവശ്യമാണ് ഫയർസ്റ്റേഷൻ, ഇതനുവദിച്ചിട്ടും ഇന്നും ഇവിടെ  പ്രവർത്തനം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല എന്നത് ഇവിടെ ഇക്കാലം വരെ പ്രതിനിധാനം ചെയ്ത ജനപ്രതിനിധിയുടെ ഉത്തരവാദിത്വമില്ലായ്മയുടെ ഉത്തമോദാഹരണമാണ്.
തീപിടുത്ത മടക്കം ഒരു ദുരന്തമുണ്ടായാൽ ദൂര സ്ഥലങ്ങളിൽ നിന്ന് ഫയർഫോഴ്സ് സംഘമെത്തേണ്ട സ്ഥിതിയാണ് ഇന്നും .ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെടുന്ന പക്ഷം ഫയർസ്റ്റേഷൻ സ്ഥാപിക്കുവാൻ ആദ്യം തന്നെ മുൻകൈയെടുക്കും. മലയോര മേഖലയിലെ ഒന്നാകെ ജനങ്ങൾക്ക് ആശ്രയമേകേണ്ട എരുമേലി സാമൂഹികാരോഗ്യകേന്ദ്രം താലൂക്കാശുപത്രി നിലവാരത്തിലേയ്ക്ക് ഉയർത്തേണ്ടതുണ്ട്.ലക്ഷക്കണക്കിന് തീർത്ഥാടകരും, സാധാരണക്കാരും ആശ്രയിക്കുന്ന ഈ സർക്കാർ ആതുരാലയത്തെ കിടത്തി ചികിത്സ അടക്കം ലഭ്യമാക്കിക്കൊണ്ട് താലൂക്കാശുപത്രിയായി ഉയർത്താനുള്ള ശ്രമവും ഉണ്ടാകും. കൂടുതൽ ഡോക്ടർമാരുടെ അടക്കം സേവനം ലഭ്യമാക്കിക്കൊണ്ട് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാൻ ഇതു വഴി കഴിയും.എയ്ഞ്ചൽവാലി പമ്പാവാലി മേഖലയിലെ കുടിയേറ്റ ജനതയുടെ പ്രധാന ആവശ്യമാണ് പട്ടയം. ജനപ്രതിനിധിയായാൽ സർക്കാരിൽ സമ്മർദ്ദം ചെലുത്തുകയും പട്ടയപ്രശ്നത്തിന് പരിഹാരം കാണാൻ ശ്രമിക്കുകയും ചെയ്യും. നാളുകളായുള്ള ആവശ്യമാണ് മുക്കൂട്ടുതറ കേന്ദ്രീകരിച്ച് ഒരു പഞ്ചായത്ത് എന്നത്. വിസ്തൃതമായ ഭൂപ്രദേശമുൾക്കൊള്ളുന്ന എരുമേലി പഞ്ചായത്ത് വിഭജിച്ച് മുക്കൂട്ടുതറ കേന്ദ്രീകരിച്ച് പുതിയ പഞ്ചായത്ത് രൂപീകരിക്കുവാനുള്ള നീക്കം യാഥാർത്ഥ്യമാകേണ്ടതുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന പക്ഷം മുക്കൂട്ടുതറപഞ്ചായത്തിനായി സമ്മർദ്ദം ചെലുത്തുകയും അത് നടപ്പിൽ വരുത്താൻ പരിശ്രമിക്കുകയും ചെയ്യും.കൂടാതെ മുക്കൂട്ടുതറയെ ആധുനിക സൗകര്യങ്ങളോടെയുള്ള ശബരിമല ഇടത്താവളങ്ങളിൽ ഒന്നാക്കി മാറ്റുമെന്നും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. മേഖലയിലെ റോഡുകളുടെ വികസനത്തിനും നവീകരണത്തിനും മുൻഗണന നൽകും.എൽ ഡി എഫിൻ്റെ  പൊതുനയം തന്നെ പൊതു വിദ്യാലയങ്ങളുടെ ശാക്തീകരണമാണ്. ഇതിൻ്റെ ചുവടുപിടിച്ച് പൊതുവിദ്യഭ്യാസ മേഖലയിലും കാര്യമായ ഇടപെടൽ നടത്തും.കാർഷിക മേഖലകൂടിയായ ഇവിടെ കൃഷിക്കാർക്കായി നൂതന പദ്ധതികൾ കൂടി നടപ്പാകേണ്ടതുണ്ട്. പിണറായി സർക്കാരിൻ്റെ കാലത്ത് കാർഷിക മേഖലയുടെ ഉന്നമനത്തിനായി നിരവധി പദ്ധതികൾ ആവിഷ്ക്കരിച്ചുവെങ്കിലും അതിൻ്റെ പ്രയോജനം മേഖലയിൽ എത്താത്ത സ്ഥിതിയുണ്ട്. ഇക്കാര്യത്തിൽ കാര്യമായ ഇടപെടൽ നടത്താൻ കഠിന പരിശ്രമം നടത്തും. ഇതിൻ്റെ ഭാഗമായി കർഷക കൂട്ടായ്മ വഴി കാർഷിക ഉല്പന്നങ്ങൾ മൂല്യവർധിത ഉല്പന്നങ്ങളാക്കി മാറ്റി മെച്ചപ്പെട്ട വില ഉറപ്പു വരുത്തും. കാട്ടുമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നത് തടയാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കും.വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിൽ പൊതുജനാഭിപ്രായം കൂടി സ്വരൂപിക്കും.വിവാദങ്ങൾക്കപ്പുറമുളള വികസനം ലഭ്യമാക്കുക എന്ന നയത്തിലൂന്നിയാണ് താൻ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു. പത്ര സമ്മേളനത്തിൽ എൽ ഡി എഫ് നേതാക്കളായ പി. കെ അബ്ദുൾ കരീം , റ്റി എസ് കൃഷ്ണകുമാർ , പി. കെ ബാബു , സലീം വാഴമറ്റം , ജോബി ഡൊമിനിക് , ജയ്സൺ കുന്നത്തു പുരയിടം , കെ. സുഷീൽ കുമാർ , പി എം ഇർഷാദ് എന്നിവർ പങ്കെടുത്തു .