Wednesday, May 15, 2024
keralaNewsObituary

എരുമേലിയില്‍ മക്കളോടൊപ്പം സംസാരിക്കുന്നതിനിടെ ഗൃഹനാഥന്‍ വീടിനുള്ളില്‍ കുഴഞ്ഞു വീണു മരിച്ചു .

എരുമേലി : മക്കളോടൊപ്പം വീടിനുള്ളില്‍ സംസാരിച്ചുകൊണ്ടിരിക്കെ ഗൃഹനാഥന്‍ വീടിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു.പമ്പാവാലി കുറ്റിശ്ശേരില്‍ രാജന്‍ (63)ആണ് ഇന്നലെ രാത്രി വീടിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചത്.ഇന്നലെ രാത്രി 9.30ഓടെയായിരുന്നു സംഭവം.മക്കള്‍ക്കൊപ്പം സംസാരിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.വീഴ്ചയുടെ ആഘാതത്തില്‍ തലയ്ക്ക് പരിക്കേറ്റിരുന്നു.മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. എന്നാല്‍ വീട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കടബാധ്യത ഉണ്ടായിരുന്നതായും പഞ്ചായത്തില്‍ നിന്നും ബാക്കി തുക ലഭിക്കാന്‍ വൈകിയതും,വീട് നിര്‍മിച്ചയാള്‍ നിരന്തരം പണം ആവശ്യപ്പെട്ടതും കടുത്ത മനോവിഷമം ഉണ്ടാക്കിയതായും ഭാര്യ രജനി പറഞ്ഞു.

കണമലയില്‍ വാടകയ്ക്ക് താമസിക്കുമ്പോള്‍ 2008ലെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ദുരിതത്തിലായ ഇവര്‍ക്ക് പ്രദേശവാസിയായ സിബിച്ചന്‍  നാല് സെന്റെ് സ്ഥലം സൗജന്യമായി നല്‍കി. ഈ സ്ഥലത്ത്‌ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം പഞ്ചായത്തില്‍ നിന്നും ലഭിച്ച വീട് നിര്‍മ്മാണ പൂര്‍ത്തിയാക്കിയതിന് ശേഷം കഴിഞ്ഞ വ്യാഴാഴ്ചയാണ് താമസം ആരംഭിച്ചത്. രജനിയുടെ പേരില്‍ ലഭിച്ച വീടിന്റെ ബാക്കി പണത്തിനായി നിരവധി തവണ പഞ്ചായത്തില്‍ കയറി ഇറങ്ങിയെങ്കിലും പണം ലഭിച്ചില്ലെന്നും രജനി പറഞ്ഞു. കടം വാങ്ങിയും മറ്റും വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയെങ്കിലും പഞ്ചായത്തില്‍ നിന്ന് ലഭിക്കേണ്ട ബാക്കി പണം യഥാസമയം ലഭിക്കാതിരുന്നതും,വീട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട കരാറുകാരന്‍ ബാക്കി പണം ആവശ്യപ്പെട്ട് നിരവധി തവണ എത്തിയതും രാജനെ ഏറെ വിഷമിപ്പിച്ചിരുന്നതായും രജനിപറഞ്ഞു. വീട് നിര്‍മ്മാണത്തിന് പഞ്ചായത്ത് അനുവദിച്ചത് നാല് ലക്ഷം രൂപയാണ്.എന്നാല്‍ വീട് നിര്‍മ്മിച്ച കരാറുകാരന് അഞ്ചുലക്ഷത്തി പതിനായിരം രൂപ ഇപ്പോള്‍ തന്നെ നല്‍കിക്കഴിഞ്ഞു വെന്നും രജനി പറഞ്ഞു .

കടം വാങ്ങിയതടക്കം പണം തിരികെ കൊടുക്കാനുള്ള വിഷമത്തില്‍ ഇരിക്കുമ്പോഴാണ് മൂന്നുതവണ ഹൃദയാഘാതം ഉണ്ടായ രാജന്‍ മരിച്ചതെന്നും അവര്‍ പറഞ്ഞു.ഇതിനിടെ വീട് നിര്‍മ്മിച്ചയാള്‍ക്ക് പണം നല്‍കിയതില്‍ തര്‍ക്കം ഉണ്ടെന്നും ഇതുസംബന്ധിച്ച് പരാതി നല്‍കുമെന്നും അവര്‍ പറഞ്ഞു .
എന്നാല്‍ മരണം സംബന്ധിച്ച് പോസ്റ്റ് മോര്‍ട്ടം നടത്തി അന്വേഷണം നടത്തുമെന്നും എരുമേലി എസ്.എച്ച് ഓ സജി ചെറിയാന്‍ പറഞ്ഞു.വീട് നിര്‍മ്മാണത്തില്‍ മറ്റ് പ്രശ്‌നങ്ങളില്ലെന്നും, കരാറുകാരന് എതിരെയുള്ള പരാതി അവസ്തവമാണെന്നും  വാര്‍ഡ് മെമ്പര്‍ അനീഷ് വാഴയില്‍ പറഞ്ഞു.ലൈഫ് മിഷന്‍ പദ്ധതി പ്രകാരം വീട് നിര്‍മ്മിച്ചവര്‍ക്ക് പണം നല്‍കി വരുന്നതായും പരാതി അന്വേഷിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് റ്റി. എസ്.കൃഷ്ണകുമാര്‍ പറഞ്ഞു. ലൈഫ് മിഷന്‍ പദ്ധതി പ്രകാരം വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയവര്‍ക്ക് രണ്ടും മൂന്നും – ഘട്ടങ്ങളായി ലഭിക്കേണ്ട പണം അടിയന്തരമായി നല്‍കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.