Thursday, April 25, 2024
keralaNews

ചിന്നാര്‍ വന്യജീവിസങ്കേതത്തില്‍ കരടിയുടെ ആക്രമണം ; 14 കാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

 

ചിന്നാര്‍ വന്യജീവിസങ്കേതത്തില്‍ വെച്ച് കരടിയുടെ ആക്രമണത്തില്‍ നിന്നും 14 കാരന്‍ ജീവനോടെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കരടിയുടെ ആക്രമണത്തില്‍ കുട്ടിക്ക് പരിക്കേറ്റു. മറയൂര്‍ പഞ്ചായത്തില്‍ പുതുക്കുടി ഗോത്രവര്‍ഗ കോളനി സ്വദേശി അരുണ്‍കുമാറിന്റെ മകന്‍ കാളിമുത്തു (14)വിനാണ് പരിക്കേറ്റത്. അച്ഛനും സഹോദരനും രക്ഷപ്പെട്ടു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കാണ് സംഭവം.

വീടിന് സമീപം നിര്‍മിക്കുന്ന മണ്‍വീടിന് ഉപയോഗിക്കാന്‍ വള്ളി (പാല്‍ക്കൊടി) ശേഖരിക്കാനായാണ് അരുണ്‍കുമാറും മക്കളായ വിജയകുമാറും കാളിമുത്തുവും ഞായറാഴ്ച രാവിലെ 10-ന് സമീപമുള്ള മലയില്‍ പോയത്. ഈ സമയത്ത് അപ്രതീക്ഷിതമായി എത്തിയ മൂന്ന് കരടികളിലൊന്ന് കാളിമുത്തുവിനെ ആക്രമിക്കുകയായിരുന്നു. കുട്ടിയെ മറിച്ചിട്ട് കരടി കാലില്‍കടിച്ചു. അരുണ്‍കുമാറും വിജയകുമാറും കൈയിലുണ്ടായിരുന്ന വടികള്‍ ഉപയോഗിച്ച് കരടിയെ നേരിട്ടു.

കുറച്ചുസമയത്തിനകം കാളിമുത്തുവിനെ വിട്ട് കരടികള്‍ വനത്തിനുള്ളിലേക്ക് പോകുകയായിരുന്നു. പരിക്കേറ്റ കാളിമുത്തുവിനെ അച്ഛനും സഹോദരനുംകൂടി മൂന്നുകിലോമീറ്റര്‍ ദൂരം തോളില്‍ ചുമന്ന് പുതുകുടിയിലെത്തിച്ചു. ഇവിടെനിന്ന് ജീപ്പില്‍ മറയൂര്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. തുടര്‍ന്ന് അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.