Monday, May 20, 2024
keralaNews

പഞ്ചതീര്‍ത്ഥത്തില്‍ കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു.

എരുമേലി പഞ്ചതീര്‍ത്ഥ പരാശക്തി ദേവസ്ഥാനത്തില്‍ വിദ്യാരംഭ മഹോത്സവത്തോടനുബന്ധിച്ച് ഗുരുജി ഡോക്ടര്‍ ജി. ജയചന്ദ്രരാജ്,മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ മുഖ്യ കാര്‍മികത്വത്തില്‍ കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു..തളികയില്‍ നിറച്ച അരിമണികളില്‍ കുട്ടികളുടെ ചൂണ്ടുവിരല്‍ തൊട്ട് ഹരിശ്രീ കുറിച്ചപ്പോള്‍ അറിവിന്റെ ലോകത്തെയ്ക്ക് ആനയിച്ചു. അറിവിന്റെ ദേവതയായ സരസ്വതിദേവിയുടെ മുന്നില്‍ പഞ്ച ദീപം തെളിയിച്ച് ഗുരുജി പൂജയെടുപ്പ് ചടങ്ങുകള്‍ നിര്‍വ്വഹിച്ചു. ദുര്‍ഗ്ഗാഷ്ടമി ദിവസം പൂജയ്ക്ക് വെച്ച ഗ്രന്ഥങ്ങളും ഭക്തജനങ്ങള്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് ചേര്‍ന്ന ഭക്തജന സമേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച ഗുരുജി അറിവിന്റെ വെളിച്ചമാണ് വിജയദശമി നല്‍കുന്നത് എന്ന് വ്യക്തമാക്കി. ഇരുട്ടില്‍പ്പെട്ട് ഉഴലുന്ന ജനസമൂഹത്തിന് വെളിച്ചത്തിന്റെ വഴി കാട്ടിത്തരുന്ന നവരാത്രി ആഘോഷം ജ്ഞാനസിദ്ധിയുടെ ജനകീയ ഉത്സവമാണെന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ ആരെന്ന ചോദ്യത്തിന് ഉത്തരം തേടിയുളള യാത്രയില്‍ അത് മാറ്റാരുമല്ലെന്ന അറിവിലേക്ക് കൈക്ക് പിടിച്ച് ഉയര്‍ത്തി കൊണ്ടുപോകുന്ന ദേവസ്ഥാനങ്ങളാണ് ക്ഷേത്രങ്ങളെന്ന് തുടര്‍ന്ന് സംസാരിച്ച മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വിദ്യാരംഭ ചടങ്ങുകള്‍ നടന്നത്. പരിപാടികള്‍ക്ക് ഇന്ദിര ജയചന്ദ്രരാജ്, വി സി അജികുമാര്‍, ബ്രഹ്മചാരി ശ്രീനാഥ്, മോഹനന്‍ മുക്കട, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.