Tuesday, April 30, 2024
Local NewsNews

എരുമേലിയിൽ ഇഡിസിയുടെ നേതൃത്വത്തിൽ  പ്രതിഷേധ റാലി 16 ന് 

എരുമേലി :  ശബരിമല തീർത്ഥാടന കേന്ദ്രമായ എരുമേലിയിലെ ഏക സർക്കാർ  ആശുപത്രിയുടെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്ക് നൽകിയ നിവേദനത്തിന്  ആറുമാസം കഴിഞ്ഞിട്ടും നടപടി ഉണ്ടാവാത്തതിന്റെ അടിസ്ഥാനത്തിൽ എരുമേലിയിൽ 16 ന് ജനകീയ പ്രതിഷേധ റാലി നടത്തുമെന്ന് എരുമേലി ഡെവലപ്മെൻറ് കൗൺസിൽ (ഇ ഡി സി ) ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. നിരവധി കോളനികൾ അടക്കം പാവപ്പെട്ട ആയിരക്കണക്കിന് ആളുകളുടെ ഏക ആശ്രയമായ എരുമേലി ആശുപത്രിയിൽ 24 മണിക്കൂർ പ്രവർത്തനം, എക്സ്-റേ, ഫിസിഷ്യൻ,  ഗൈനക്കോളജി, കാർഡിയോളജി , സർജൻ  അടക്കം ആശുപത്രി  താലൂക്ക് ആശുപത്രി നിലവാരത്തിൽ ഉയർത്തണമെന്ന് ആവശ്യപ്പെട്ട് ആറുമാസം മുമ്പാണ് വകുപ്പ് മന്ത്രിക്കും –  മുഖ്യമന്ത്രിക്കും നിവേദനം നൽകിയത്. എരുമേലി പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നായി 8000 പേരുടെ ഒപ്പ് ശേഖരിച്ചുള്ള നിവേദനമാണ് നൽകിയത് . ഒരേക്കറിലധികം സ്ഥലം ഉണ്ടായിട്ടും കൂണുകൾ പോലെ കെട്ടിടങ്ങൾ നിർമ്മിച്ച് എരുമേലി ആശുപത്രിയുടെ പ്രവർത്തനം അവതാളത്തിലാക്കുകയാണ് ചെയ്തിരിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു. ആധുനിക രീതിയിൽ കെട്ടിടങ്ങൾ നിർമ്മിച്ച് എരുമേലി  സൂപ്പർ സ്പെഷ്യാലിറ്റി  ആശുപത്രിയായി ഉയർത്തി  പ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധ റാലി നടത്തുന്നതെന്നും ഭാരവാഹികൾ പറഞ്ഞു. എന്നാൽ കാലപ്പഴക്കം ചെന്ന കെട്ടിടങ്ങളിൽ  ലക്ഷങ്ങൾ മുടക്കി നവീകരിക്കുകയാണ് ഇപ്പോൾ ചെയ്യുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.
ശബരിമല തീർത്ഥാടകർക്കും, ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തായ എരുമേലി ഗ്രാമപഞ്ചായത്ത് നിവാസികൾക്കും , സമീപപ്രദേശങ്ങളിലെ പഞ്ചായത്ത് നിവാസികൾക്കും ഏറെ പ്രയോജനം ലഭിക്കുന്ന തരത്തിൽ മെച്ചപ്പെട്ട ചികിത്സ സംവിധാനം ഒരുക്കാൻ എരുമേലി ആശുപത്രിക്ക് കഴിയുമെന്നും നേതാക്കൾ പറഞ്ഞു. 16 ന് ചൊവ്വാഴ്ച  രാവിലെ 10 മണിക്ക് ശബരി ഓഡിറ്റോറിയം ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന പ്രതിഷേധ റാലി പ്രൈവറ്റ്  ബസ്റ്റാൻഡ് ചുറ്റി   ആശുപത്രിക്ക്  ചെമ്പകത്തുങ്കൽ  സ്റ്റേഡിയത്തിൽ സമാപിക്കും. തുടർന്ന് വിവിധ സമുദായിക-  സാംസ്കാരിക സംഘടനയുടെ നേതൃത്വത്തിൽ പ്രതിഷേധ ധാരണയും നടക്കും. എരുമേലി മീഡിയ സെന്ററിൽ നടന്ന പത്രസമ്മേളനത്തിൽ എരുമേലി ഡെവലപ്മെൻറ് കൗൺസിൽ രക്ഷാധികാരി കെ സി ജോസഫ് ,  ബാബു തോമസ് കെ ചെയർമാൻ, മോഹനൻ കെ പി ജനറൽ സെക്രട്ടറി, ജെ. ജമിനി മോൾ സെക്രട്ടറി, കൺവീനർ പാസ്റ്റർ ജോഷിമോൻ ആൻറണി, ട്രഷറർ ജെയിംസ് സഞ്ചായത്തിൽ, അംഗങ്ങളായ രാജൻ നാലുമാവുങ്കൽ,  ഐയിഷ ബഷീർ എന്നിവർ പങ്കെടുത്തു