Saturday, April 27, 2024
HealthkeralaNews

ഇടുക്കിയില്‍ ആഫ്രിക്കന്‍ പന്നിപ്പനി പന്നികളെ കൊന്നൊടുക്കി

ഇടുക്കി :ആഫ്രിക്കന്‍ പന്നിപ്പനി ഇടുക്കി ജില്ലയില്‍ വ്യാപിക്കുന്നുവെന്ന് മൃഗസംരക്ഷണ വകുപ്പിന്റെ ജാഗ്രത മുന്നറിയിപ്പിനെ തുടര്‍ന്ന് പന്നികളെ കൊന്നൊടുക്കി.പന്നിപ്പനി സ്ഥിരീകരിച്ച സ്ഥലത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പന്നികളെ കൊന്നു തുടങ്ങി. കരിമണ്ണൂര്‍ വണ്ണപ്പുറം കഞ്ഞിക്കുഴി പഞ്ചായത്തുകളിലെ പന്നികളെയാണ് കൊല്ലുന്നത്. കൂടുതല്‍ ഇടങ്ങളിലെ പന്നികളെ കൊല്ലേണ്ടി വരുമെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.
പനി ബാധിക്കുന്ന പന്നികളുടെ എണ്ണം ദിവസവും കൂടിവരികയാണ്. കരിമണ്ണൂര്‍ പഞ്ചായത്തില്‍ ഇതുവരെ 300 പന്നികളെയാണ് കൊന്നത്. ഫാമില്‍ അസുഖ ലക്ഷണമുള്ള പന്നികളെ കണ്ടാല്‍ സമീപത്തെ മൃഗാശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്താല്‍ മറ്റ് പന്നികളിലേക്ക് അസുഖം ബാധിക്കാതെ നോക്കാം. പലപ്പോഴും ആളുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത പ്രശ്‌നങ്ങളുണ്ട്. രോഗം ബാധിച്ച പന്നികളെ വില്‍ക്കുകയോ കൊല്ലുകയോ ചെയ്യരുതെന്നും മൃഗസംരക്ഷണ വകുപ്പ് കര്‍ഷകര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നു. ആഫിക്കന്‍ പന്നിപ്പനി മനുഷ്യനെ ബാധിക്കുന്ന അസുഖമല്ല. പന്നികള്‍ക്ക് ഇത് മാരകമായ രോഗമാണ്. കൂട്ടത്തോടെ പന്നികള്‍ മരിക്കുന്നതിന് സാധ്യതയുണ്ട്. അതിനാലാണ് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പന്നികളെ കൊന്നൊടുക്കുന്നതെന്നും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.