Tuesday, May 21, 2024
educationkeralaNews

ഉന്നത ഉദ്യോഗസ്ഥരുടെ അനാസ്ഥ ; വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റത്തിന് അപേക്ഷിക്കാന്‍ കഴിഞ്ഞില്ല.

സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരുടെ സ്ഥലം മാറ്റം സംബന്ധിച്ച് കഴിഞ്ഞദിവസം വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവിലെ അപാകതകള്‍ മൂലം ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റത്തിന് അപേക്ഷിക്കാന്‍ കഴിഞ്ഞില്ലെന്ന് പരാതി.ക്ലാര്‍ക്ക്മാര്‍ മുതല്‍ താഴേക്കുള്ള ഉദ്യോഗസ്ഥര്‍ക്കാണ് ഇന്ന് സ്ഥലം മാറ്റത്തിനുള്ള അപേക്ഷകള്‍ നല്‍കാനുള്ള അവസാന തീയതി പ്രഖ്യാപിച്ചിരുന്നത്.എന്നാല്‍ വിദ്യാഭ്യാസ വകുപ്പിലെ വിവിധ വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ കടുത്ത അനാസ്ഥയെ തുടര്‍ന്നാണ് ജീവനക്കാര്‍ക്ക് സ്ഥലം മാറ്റം അപേക്ഷ ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കാന്‍ കഴിയാതെ പോയത്. ജീവനക്കാരുടെ സ്ഥലം മാറ്റം സംബന്ധിച്ച് കേരള ബ്രേക്കിംഗ് ന്യൂസ് വിശദമായ വാര്‍ത്ത നല്കിയിരുന്നു.

ഉദ്യോഗസ്ഥരുടെ സേവന വിവരങ്ങള്‍ (സര്‍വീസ് ഹിസ്റ്ററി) യഥാസമയം കൃത്യമായി രേഖപ്പെടുത്താന്‍ കഴിയാത്തതാണ് സ്ഥലം മാറ്റ അപേക്ഷക്ക് തടസ്സമായത്.ഓണ്‍ലൈനില്‍ അപേക്ഷ ചെയ്യുമ്പോള്‍ അപേക്ഷകന്റെ സര്‍വീസില്‍ സര്‍വീസ് ഹിസ്റ്ററി യഥാസമയം – കൃത്യമായി രേഖപ്പെടുത്താതിരുന്നതാണ്
സ്ഥലം മാറ്റ അപേക്ഷ പൂര്‍ത്തീകരിക്കാതെ വന്നതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.വിദ്യാഭ്യാസ വകുപ്പിലെ അധ്യാപകരുടെ സ്ഥലം മാറ്റം പോലെ ഓഫീസിലെ ഉദ്യോഗസ്ഥരുടെയും സ്ഥലംമാറ്റം ഓണ്‍ലൈന്‍ വഴി നടപ്പിലാക്കണമെന്ന് ആറുമാസം മുമ്പ് ട്രൈബൂണല്‍ കോടതി വിധിച്ചിരുന്നു. എന്നാല്‍ കോടതിവിധി നടപ്പിലാക്കാതെ സര്‍ക്കാര്‍ എന്‍ജിഒ യൂണിയനില്‍പ്പെട്ട ഉദ്യോഗസ്ഥരെ മാത്രം രഹസ്യമായി അവര്‍ക്കിഷ്ടമുള്ള ഓഫീസുകളില്‍ സ്ഥലം മാറ്റാന്‍ ശ്രമം നടത്തുകയായിരുന്നു.

ഇതിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളെ തുടര്‍ന്നാണ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കഴിഞ്ഞ ദിവസം 22/10/20ല്‍ ,സി3/19817/2019 ഡിജിഇ യായി ഉത്തരവിറക്കുകയായിരുന്നു.എന്നാല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവില്‍ സ്ഥലമാറ്റത്തിനായി ആഗ്രഹിക്കുന്ന ജീവനക്കാര്‍ക്ക് എതിരായുള്ള മാനദണ്ഡങ്ങളാണ് കൊള്ളിച്ചിരുന്നത്.ജില്ലയില്‍ അഞ്ച് വര്‍ഷം സര്‍വ്വീസ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് അന്തര്‍ ജില്ല സ്ഥലമാറ്റത്തിന് അര്‍ഹതയുണ്ട്. എന്നാല്‍ ഈ വിജ്ഞാപന പ്രകാരം ഇത്തരത്തിലുള്ള ജീവനക്കാര്‍ക്ക് അപേക്ഷിക്കാന്‍ ഓണ്‍ലൈനില്‍ ഓപ്ഷനില്ല.ജില്ലക്കുള്ളില്‍ ഉള്ള ഓപ്ഷന്‍ മാത്രമാണ് കൊടുത്തിരിക്കുന്നത്.

ഇതു മൂലം അന്തര്‍ ജില്ല സ്ഥലം മാറ്റത്തിനുള്ള അപേക്ഷകരാണ് പ്രതിസന്ധിയിലായിരിക്കുന്നത്.ജൂനിയര്‍ സൂപ്രണ്ട് മുതല്‍ മുകളിലോട്ടുള്ളവരുടെ സംസ്ഥാന തലത്തിലുള്ള സ്ഥലം മാറ്റത്തിനുള്ള അപേക്ഷ സ്വീകരിക്കാനും ഉത്തരവില്‍ പറയുന്നു.വര്‍ഷങ്ങളായി ജോലി ചെയ്യുന്ന ഓഫീസിലെ സീനിയര്‍ ക്ലെര്‍ക്ക്മാര്‍ക്ക് ജൂനിയര്‍ സൂപ്രണ്ടന്റായി പ്രമോഷന്‍ നല്‍കി അതേ ഓഫീസില്‍ തന്നെ ജോലി തുടരാന്‍ ഒത്താശ ചെയ്യുകയായിരുന്നു.കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബൂണലിന്റെ ഉത്തരവ് അടിയന്തരിമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ഇറക്കിയ ഉത്തരവില്‍ ഉന്നത ഉദ്യോഗസ്ഥര്‍ കാട്ടിയ കടുത്ത അനാസ്ഥയാണ് സമയ ബന്ധിതമായി സ്ഥലം മാറ്റ അപേക്ഷ നല്‍കാന്‍ കഴിയാതെ പോയതെന്നും ജീവനക്കാര്‍ പറഞ്ഞു.

22 ന് വൈകുന്നേരം ഇറക്കിയ ഉത്തരവില്‍ 27 ന് മുമ്പായി ഓണ്‍ലൈന്‍ വഴി അപേക്ഷിക്കേണ്ടതായിരുന്നു. എന്നാല്‍ മൂന്നു ദിവസത്തെ പൊതുഅവധിക്ക് ശേഷം സ്ഥലം മാറ്റത്തിന് അപേക്ഷിക്കാന്‍ ചെന്നപ്പോഴാണ് സര്‍വ്വീസ് ഹിസ്റ്ററി രേഖപ്പെടുത്താത്തതു മൂലം ഓണ്‍ലൈനായി അപേക്ഷിക്കാന്‍ പലര്‍ക്കും കഴിയാതെ പോയത്.അന്തര്‍ ജില്ലസ്ഥലമാറ്റം, സഹതാപര്‍ഹമായ സ്ഥലം മാറ്റവും ഇതോടൊപ്പം നടത്തുന്നതിനായി സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന ആവശ്യമാണ് ഉയരുന്നത്.എന്നാല്‍ ഇന്ന് രാത്രി ഇറക്കിയ ഉത്തരവില്‍ ഈ മാസം 30 വരെ അപേക്ഷിക്കാന്‍ നീട്ടിയിട്ടുണ്ടെങ്കിലും മേല്‍പ്പറഞ്ഞ ജീവനക്കാരുടെ സ്ഥലമാറ്റത്തിനുള്ള നടപടികള്‍ സ്വീകരിക്കാത്തതില്‍ ജീവനക്കാര്‍ പ്രതിഷേധത്തിലാണ്.