Friday, May 17, 2024
keralaNews

സ്വപ്നയുടെ രഹസ്യമൊഴി ചോര്‍ന്നതില്‍ കോടതിയലക്ഷ്യ നടപടിക്കു തുടക്കം

സ്വര്‍ണക്കടത്തു കേസില്‍ പ്രതിയായ സ്വപ്ന സുരേഷ് മജിസ്‌ട്രേട്ട് മുന്‍പാകെ നല്‍കിയ രഹസ്യമൊഴി പുറത്തുവിട്ടെന്ന പേരില്‍ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിക്കാന്‍ അനുമതി തേടിയുള്ള അപേക്ഷയില്‍ അഡ്വക്കറ്റ് ജനറല്‍ (എജി) കസ്റ്റംസ് എറണാകുളം പ്രിവന്റീവ് കമ്മിഷണര്‍ സുമിത് കുമാറിനു നോട്ടിസ് അയച്ചു. ഈ മാസം 26നു വിശദീകരണം നല്‍കാനാണു അഡ്വക്കറ്റ് ജനറല്‍ സി.പി. സുധാകര പ്രസാദ് നോട്ടിസ് നല്‍കിയത്.

രാഷ്ട്രീയ യജമാനന്മാരെ പ്രീതിപ്പെടുത്തി ഹൈക്കോടതി രാഷ്ട്രീയ പോര്‍ക്കളമാക്കാനുള്ള സുമിത് കുമാറിന്റെ ശ്രമമാണിതെന്നും ക്രിമിനല്‍ കോടതി അലക്ഷ്യത്തിനു പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടു ബാംബൂ കോര്‍പറേഷന്‍ ചെയര്‍മാനും സിപിഎം നേതാവുമായ കെ.ജെ. ജേക്കബാണ് അപേക്ഷ നല്‍കിയത്. കസ്റ്റംസിനെ ഉപയോഗിച്ചു കേരളത്തില്‍ സ്വാധീനം വര്‍ധിപ്പിക്കാനുളള കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ ശ്രമമാണിതെന്നും അനുമതി അപേക്ഷയില്‍ ആരോപിക്കുന്നു.മുഖ്യമന്ത്രി, സ്പീക്കര്‍ എന്നിവരുടെ പ്രേരണ മൂലമാണു ഡോളര്‍ കടത്ത് നടത്തിയതെന്നു സ്വപ്ന മൊഴി നല്‍കിയതായി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ ഹൈക്കോടതിയില്‍ നല്‍കിയ വിശദീകരണ പത്രികയിലുണ്ട്. ഹൈക്കോടതിയില്‍ ജയില്‍ ഡിജി നല്‍കിയിരിക്കുന്ന ഹര്‍ജിയിലാണു വിശദീകരണ പത്രിക നല്‍കിയത്. വിശദീകരണ പത്രിക നല്‍കാനെന്ന വ്യാജേന, സ്വപ്ന സുരേഷിന്റെ മൊഴി പരസ്യമാക്കാനും കോടതിയെ കബളിപ്പിക്കാനുമുള്ള ശ്രമമാണു കസ്റ്റംസ് നടത്തിയതെന്നാണ് ആക്ഷേപം.എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടെ ഉത്തരവില്‍ ജയില്‍ വകുപ്പിന്റെ വിശ്വാസ്യതയും മറ്റും പരാമര്‍ശിക്കുന്ന ഭാഗം ചോദ്യം ചെയ്താണു ജയില്‍ ഡിജി ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജിയില്‍ കക്ഷി ചേര്‍ത്തിട്ടില്ലാത്ത കമ്മിഷണര്‍ ബന്ധപ്പെട്ട കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനുമല്ല. മജിസ്‌ട്രേട്ടിനു നല്‍കിയ മൊഴി പരസ്യമാക്കുന്നതു നിയമവിരുദ്ധമാണ്.