Wednesday, May 22, 2024
HealthindiakeralaNews

കോവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി ഡല്‍ഹിയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ അടുത്ത തിങ്കളാഴ്ച രാവിലെ വരെ സമ്പൂര്‍ണ കര്‍ഫ്യൂ പ്രഖ്യാപിച്ചു.

കോവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി ഡല്‍ഹിയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ അടുത്ത തിങ്കളാഴ്ച രാവിലെ വരെ സമ്പൂര്‍ണ കര്‍ഫ്യൂ പ്രഖ്യാപിച്ചു. അവശ്യസര്‍വീസുകളും സര്‍ക്കാര്‍ ഓഫിസുകളും പ്രവര്‍ത്തിക്കും. സ്വകാര്യ ഓഫിസുകള്‍ വര്‍ക് അറ്റ് ഹോം സൗകര്യം ഏര്‍പ്പെടുത്തണം. വാരാന്ത്യ കര്‍ഫ്യൂവും ദിവസവും രാത്രി 9 മണിക്കുശേഷം രാത്രികാല കര്‍ഫ്യൂവും ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിരുന്നു.

ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറുമായി ഇന്ന് രാവിലെ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ നടത്തിയ ചര്‍ച്ചയിലാണ് സമ്പൂര്‍ണ കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ തീരുമാനമായത്. കോവിഡ് വ്യാപനം രൂക്ഷമായതോടെ മാളുകള്‍, മാര്‍ക്കറ്റുകള്‍, ഓഡിറ്റോറിയം, ജിം, സ്പാകള്‍ തുടങ്ങിയവ സിനിമ ഹാളുകളില്‍ മുപ്പത് ശതമാനം ആളുകള്‍ക്ക് മാത്രമായിരുന്നു പ്രവേശനം.

അതീവ ഗുരുതരമായ സാഹചര്യമാണ് ഡല്‍ഹിയില്‍ നിലനില്‍ക്കുന്നതെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. 30 ശതമാനമാണ് ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക്. ഡല്‍ഹിയില്‍ ആശുപത്രികളിലെ 90 ശതമാനം കിടക്കകളും നിറഞ്ഞതായി അരവിന്ദ് കേജ്രിവാള്‍ വ്യക്തമാക്കിയിരുന്നു.

മഹാരാഷ്ട്ര (68,631), ഡല്‍ഹി (25,462), കേരളം (18,257) എന്നിവിടങ്ങളിലെ പ്രതിദിന കേസുകള്‍ ഇന്നലെ റെക്കോര്‍ഡാണ്. മഹാരാഷ്ട്രയില്‍ ഒറ്റദിവസം 503 മരണവും റിപ്പോര്‍ട്ട് ചെയ്തു; ഡല്‍ഹിയില്‍ 161. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,73,810 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,50,61,919 ആയി. ഇന്നലെ മാത്രം 1,619 പേര്‍ മരിച്ചതോടെ ആകെ മരണം 1,78,567 ആയി. ചികിത്സയിലുള്ളവര്‍ 19 ലക്ഷം കവിഞ്ഞു. കോവിഡ് മുക്തര്‍ 1.29 കോടി.