Friday, May 17, 2024
educationindiaNewsworld

ഭീമന്‍ ഛിന്നഗ്രഹം ജൂലൈ 25 ന് സുരക്ഷിതമായി ഭൂമിയെ കടന്നുപോകുമെന്ന് ശാസ്ത്രലോകം.

ഫുട്ബോള്‍ മൈതാനത്തേക്കാള്‍ വലുപ്പമുള്ള ഭീമന്‍ ഛിന്നഗ്രഹം ജൂലൈ 25 ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ മൂന്നോടെ സുരക്ഷിതമായി ഭൂമിയെ കടന്നുപോകുമെന്ന കണക്കൂകൂട്ടലിലാണ് ശാസ്ത്രലോകം. ‘2008 ജിഒ 20’ എന്ന് പേരിട്ടിരിക്കുന്ന ഈ ഛിന്നഗ്രഹത്തിന് 200 മീറ്റര്‍ നീളമുണ്ടാകാമെന്നാണ് കരുതുന്നത്. ഛിന്നഗ്രഹം സെക്കന്‍ഡില്‍ 8.2 കിലോമീറ്റര്‍ വേഗതയില്‍ ഭൂമിയെ മറികടന്നുപോകുമെന്നാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ പ്രതീക്ഷ. ഭൂമിയില്‍നിന്ന് 30 മുതല്‍ 40 ലക്ഷം കിലോമീറ്റര്‍ അകലെ കൂടിയായിരിക്കും ഛിന്നഗ്രഹം കടന്നുപോകുക. ഇത്, ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരത്തിന്റെ എട്ട് മുതല്‍ ഒമ്പത് വരെ ഇരട്ടിയാണ്. 2008 ജിഒ 20 ഛിന്നഗ്രഹത്തിന്റെ ഇതിനു മുന്‍പ് ഭൂമിയെ കടന്നുപോയത് 2008 ജൂണ്‍ 20 നായിരുന്നു. ഇത് 2034 ജൂലൈ 25 ന് വീണ്ടും ഭൂമിയെ കടന്നുപോകുമെന്നു പ്രതീക്ഷിക്കുന്നു.

നാസയുടെ അഭിപ്രായത്തില്‍, ഭൂമിയോട് അടുക്കുന്ന ഛിന്നഗ്രഹങ്ങളും ധൂമകേതുക്കളുമാണ് നിയര്‍ എര്‍ത്ത് ഒബ്ജക്റ്റ്സ് (എന്‍ഇഒ) അഥവാ ഭൂമിക്കു സമീപമുള്ള വസ്തുക്കള്‍. എന്‍ഇഒകളില്‍ ഭൂരിഭാഗവും ഛിന്നഗ്രഹങ്ങളാണ്. അവയെ ഭൂമിക്കു സമീപമുള്ള ഛിന്നഗ്രഹങ്ങള്‍ (എന്‍ഇഎ) എന്ന് വിളിക്കുന്നു. എന്‍എഎകളെ ദൂരവും അക്ഷവും അനുസരിച്ച് അതിര, ആറ്റെന്‍, അപ്പോളോ, അമോര്‍ എന്നിങ്ങനെ തിരിച്ചിരിക്കുന്നു. 2008 ജിഒ20 നെ അപ്പോളോ എന്‍ഇഒ ആയാണ് വിശേഷിപ്പിക്കുന്നത്. അപ്പോളോകള്‍ക്കു ഭൂമിയുടെ സമീപത്ത് ഒരു ഭ്രമണപഥമുണ്ട്. അവ ഭൂമിയുടെ ഭ്രമണപഥം കടക്കുമ്‌ബോള്‍ എര്‍ത്ത് ക്രോസറുകള്‍ എന്നും വിളിക്കുന്നു. 1862 ലെ അപ്പോളോ ഛിന്നഗ്രഹത്തിന്റെ പേരിലാണ് ഇവ അറിയപ്പെടുന്നത്.

0.05 ആസ്ട്രോണമിക്കല്‍ യൂണിറ്റുകള്‍ക്ക് താഴെയോ 75 ലക്ഷം കിലോമീറ്റര്‍ അകലെയോ സഞ്ചരിക്കുന്ന ഭൂമിക്കു സമീപമുള്ള ഛിന്നഗ്രഹങ്ങളെ അപകടകരമായ ഛിന്നഗ്രഹങ്ങള്‍ എന്ന് വിളിക്കുന്നു. 0.02 മുതല്‍ 0.03 വരെ ആസ്ട്രോണമിക്കല്‍ യൂണിറ്റ് അകലെ സഞ്ചരിക്കുന്ന 2008 ജിഒ 20 അപകടകരമായ ഛിന്നഗ്രഹമാണ്. 15 കോടി കിലോമീറ്റര്‍ അല്ലെങ്കില്‍ ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരമാണ് ഒരു ആസ്ട്രോണമിക്കല്‍ യൂണിറ്റ്.                                        നാസയുടെ സെന്റര്‍ ഫോര്‍ നിയര്‍-എര്‍ത്ത് ഒബ്ജക്റ്റ് സ്റ്റഡീസ് പറയുന്നതനുസരിച്ച്, ജൂലൈ 21 ന് ആറ് എന്‍ഇഒകള്‍ 0.05 ആസ്ട്രോണമിക്കല്‍ യൂണിറ്റില്‍ താഴെ ദൂരത്തില്‍ ഭൂമിയെ കടന്നുപോവുമെന്ന് പ്രതീക്ഷിക്കുന്നു. 2008 ജിഒ 20 ജൂലൈ 24 നു എത്തുന്നതിനു പിന്നാലെ 2021 ഒഎഫ്, 2020 ബിഡബ്ല്യു 12, 2019 വൈഎം 6 എന്നീ എന്‍ഇഒകള്‍ യഥാക്രമം ജൂലൈ 26, 27, 31 തീയതികളില്‍ ഭൂമിക്കു സമീപത്തു കൂടി പോവുമെന്നു പ്രതീക്ഷിക്കുന്നു.