Tuesday, May 14, 2024
keralaNews

കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകള്‍ ; ഇന്നുമുതല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ നൂറ് ശതമാനം ജീവനക്കാരും ഹാജരാകണം.

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ ഏര്‍പ്പെടുത്തിയ ഇളവുകള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ നൂറ് ശതമാനം ജീവനക്കാരും ഇന്നുമുതല്‍ ഹാജരാകണം. കോവിഡ് പ്രോട്ടോകോളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ദുരന്ത നിവാരണ വകുപ്പാണ് പുതിയ ഉത്തരവ് ഇറക്കിയത്.

സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പുറമെ പൊതുമേഖലാ സ്ഥാപനങ്ങളിലും ഹാജര്‍ നില 100 ശതമാനമായി പുനസ്ഥാപിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഓഫീസുകളും, പൊതുമേഖലാ സ്ഥാപനങ്ങളും പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കേണ്ടതെന്നും ദുരന്ത നിവാരണ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഉത്തരവില്‍ പറയുന്നു.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്കുള്ള 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ ഏഴ് ദിവസമാക്കി ചുരുക്കി. കേരളത്തിനു പുറത്തുനിന്നുള്ള സംസ്ഥാനങ്ങളില്‍ നിന്നു എത്തുന്നവര്‍ ഇനി ഏഴ് ദിവസം ക്വാറന്റൈനില്‍ ഇരുന്നാല്‍ മതി. ഏഴുദിവസങ്ങള്‍ക്ക് ശേഷം കോവിഡ് 19 പരിശോധന നടത്താം. പരിശോധനയില്‍ നെഗറ്റീവാണെന്ന് കണ്ടെത്തിയാല്‍ അടുത്ത ഏഴുദിവസം ക്വാറന്റൈനില്‍ കഴിയണമെന്ന് നിര്‍ബന്ധമില്ല.
ദുരന്ത നിവാരണ വകുപ്പിന്റെ ഉത്തരവ്

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്നവരും കേരളത്തില്‍ നിന്നുള്ളവര്‍ മറ്റ് സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് തിരിച്ചെത്തിയാലും ഏഴ് ദിവസത്തെ കര്‍ശന ക്വാറന്റൈന്‍ പൂര്‍ത്തിയാക്കണമെന്ന് ഉത്തരവില്‍ പറയുന്നു. ഏഴ് ദിവസം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ ശേഷം കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കില്‍ അടുത്ത ഏഴ് ദിവസത്തേക്ക് ക്വാറന്റൈന്‍ വേണോ വേണ്ടയോ എന്ന് സ്വമേധയാ തിരഞ്ഞെടുക്കാം. എന്നാല്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയുന്നതാണ് ആരോഗ്യ ചട്ടം പ്രകാരം നല്ലതെന്നും ഉത്തരവില്‍ പറയുന്നു.