Monday, May 13, 2024
keralaLocal NewsNews

വ്യാജ രേഖ തയ്യാറാക്കി പണം തട്ടിയ  കേസിൽ കോൺഗ്രസുകാരനെ റിമാന്റ് ചെയ്തു 

  • കോൺഗ്രസ് വാർഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും ബിജുവിനെ പുറത്താക്കി 
  • ബിജുവിനെതിരെ മൂന്ന് കേസുകളിൽക്കൂടി നടപടിയെടുക്കാൻ പോലീസ് നിർദ്ദേശം.
എരുമേലി: വ്യാജ രേഖ തയ്യാറാക്കി ഗൃഹനാഥനിൽ നിന്നും പണം തട്ടിയ  കേസിൽ എരുമേലി പോലീസ് അറസ്റ്റ് ചെയ്ത കോൺഗ്രസുകാരനെ റിമാന്റ് ചെയ്തു.എരുമേലി കനകപ്പലം ശ്രീനിപുരം സ്വദേശിയും,കോൺഗ്രസിന്റെ വാർഡ്  പ്രസിഡന്റുമായിരുന്ന വഴിപറമ്പിൽ  ബിജുമോൻ വി.കെ (47) യാണ് എരുമേലി പൊലീസ് അറസ്റ്റ് ചെയ്ത് .14 ദിവസത്തേക്ക് കാഞ്ഞിരപ്പള്ളി കോടതി റിമാന്റ് ചെയ്തത്.  പട്ടികജാതി – വർഗ്ഗ വികസന ഫെഡറേഷന്റെ കോട്ടയത്തുള്ള ഓഫീസിന്റെ പേരിൽ വ്യാജ ലെറ്റർ തയ്യാറാക്കി ഗൃഹനാഥനിൽ നിന്നും പണം തട്ടിയ കേസിലാണ്  പൊലീസ് നടപടി.
 പോലീസ് പറയുന്നത് …… 
കനകപ്പലം സ്വദേശിയായ   ഗൃഹനാഥന്റെ മകളുടെ വിവാഹത്തിന് പട്ടികജാതി വികസന വകുപ്പിൽ നിന്നും വിവാഹ ധനസഹായം ലഭിക്കുമെന്ന്  പറഞ്ഞ്  മുമ്പ്  എസ് / സി  പ്രമോട്ടറായിരുന്ന  ബിജുമോൻ  ഗൃഹനാഥനോട് പറയുകയും  പണം ലഭിക്കാൻ  ബിജു തയ്യാറാക്കി നൽകിയ ബില്ലിൽ പട്ടികജാതി വികസന വകുപ്പിൽ നിന്നും  ഒരാഴ്ചക്ക് ശേഷം 75,000 രൂപ ലഭിക്കുകയും ചെയ്തു. ഇതിന് ശേഷം  കുറച്ച്  ദിവസങ്ങൾക്ക്  കഴിഞ്ഞ്  പട്ടികജാതി വർഗ്ഗ സഹകരണ ഫെഡറേഷൻ, കളക്ടറേറ്റ്, കോട്ടയം എന്ന വിലാസത്തിൽ നിന്നും ഗൃഹനാഥന് ഒരു കത്ത് ലഭിക്കുകയും അതിൽ പെൺകുട്ടികളുടെ വിവാഹത്തിന് അധിക ധനസഹായം ലഭിക്കുന്നതാണെന്ന് കാണുകയും ചെയ്തതിനെത്തുടർന്ന്, ഗൃഹനാഥൻ ആ  കത്തുമായി ബിജുവിനെ വീണ്ടും സമീപിക്കുകയും ചെയ്തു. ഈ പണം  ലഭിക്കുന്നതിന് വേണ്ടി 8000 രൂപ തന്നാൽ  ജി.എസ്.ടി ബിൽ തയ്യാറാക്കി തരാമെന്ന് ബിജു പറഞ്ഞതിനനുസരിച്ച് 4000 രൂപ ഗൃഹനാഥൻ നൽകുകയും ചെയ്തു.തുടർന്ന് ബിജു തയ്യാറാക്കി നൽകിയ ബില്ലുമായി ഗൃഹനാഥൻ കോട്ടയത്ത് എത്തി അന്വേഷിച്ചപ്പോൾ അങ്ങനെയൊരു ഓഫീസ് നിലവിലില്ല എന്ന് മനസ്സിലാവുകയും, തുടർന്ന് തിരികെ എരുമേലിയിൽ എത്തി ജി.എസ്.ടി ബിൽ തന്ന കടയെക്കുറിച്ച് അന്വേഷിച്ചപ്പോൾ അങ്ങനെ ഒരു കട എരുമേലിയിൽ ഇല്ല എന്ന് മനസ്സിലാവുകയും ചെയ്തു. ബിജു വ്യാജ വിലാസത്തിൽ എരുമേലിയിൽ നിന്നും  കത്തയച്ച് തന്ന്  കബളിപ്പിച്ചതാണെന്ന് മനസ്സിലാക്കിയതിനെ തുടർന്ന് ഇയാൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.പരാതിയെ തുടർന്ന് എരുമേലി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. എരുമേലി സ്റ്റേഷൻ എസ്.എച്ച്. ഒ അനിൽകുമാർ വി വി, എസ്.ഐ ശാന്തി കെ.ബാബു, അബ്ദുൾ അസീസ്, എ.എസ്.ഐ രാജേഷ്, സി.പി. ഒ  ഷാജി ജോസഫ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.