Friday, May 17, 2024
indiaNewspolitics

രാഷ്ട്രപതിയെക്കുറിച്ച് മന്ത്രിയുടെ മോശം പരാമര്‍ശം: മാപ്പ് ചോദിച്ച് മമത

കൊല്‍ക്കത്ത: രാഷ്ട്രപതിക്കെതിരായ മന്ത്രിയുടെ വിവാദ പരാമര്‍ശത്താല്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മാപ്പ് പറഞ്ഞു.മന്ത്രി അഖില്‍ ഗിരിയുടെ പരാമര്‍ശങ്ങളെ അപലപിക്കുന്നു. പാര്‍ട്ടിക്ക് വേണ്ടി താന്‍ ക്ഷമ ചോദിക്കുന്നു. രാഷ്ട്രപതിയോട് ആദരവ് മാത്രമേയുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെതിരായ പശ്ചിമബംഗാള്‍ മന്ത്രി അഖില്‍ ഗിരിയുടെ അധിക്ഷേപ പ്രസംഗം വിവാദമായതിന് പിന്നാലെയാണ് പ്രതികരണം. പ്രസംഗത്തില്‍ ക്ഷമ ചോദിച്ച് മന്ത്രി രംഗത്ത് എത്തിയിരുന്നു. പക്ഷേ, അഖില്‍ ഗിരിയുടെ രാജി ആവശ്യപ്പെട്ട് ബംഗാളിലെ പ്രതിപക്ഷമായ ബിജെപി പ്രതിഷേധം കടുപ്പിക്കുകയാണ്. വെള്ളിയാഴ്ച വൈകിട്ട് നന്ദിഗ്രാമില്‍ നടന്ന പൊതുയോഗത്തിലായിരുന്നു രാംനഗറിലെ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയും, സംസ്ഥാന മന്ത്രിയുമായ അഖില്‍ ഗിരി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ രൂപത്തെക്കുറിച്ചാണ് മോശം പരാമര്‍ശം നടത്തിയത്. പ്രസംഗം വിവാദമായതിന് പിന്നാലെ മന്ത്രി ക്ഷമ ചോദിച്ച് രംഗത്ത് എത്തി. ശനിയാഴ്ച പ്രസംഗം വിവാദമായപ്പോള്‍ പ്രതികരിച്ച മന്ത്രി. ‘ഞാന്‍ രാഷ്ട്രപതിയോട് അനാദരവ് കാണിച്ചെന്ന് ആരെങ്കിലും കരുതുന്നുവെങ്കില്‍ അത് തെറ്റാണ്. ഇത്തരമൊരു പരാമര്‍ശം നടത്തിയതിന് ഞാന്‍ ക്ഷമ ചോദിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ പ്രസിഡന്റിനോട് എനിക്ക് അതിയായ ബഹുമാനമുണ്ട്’ എന്ന് പറഞ്ഞു.
ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ മോശം വാക്കുകള്‍ ഉപയോഗിച്ച് ആക്രമിച്ചതിന് മറുപടി പറഞ്ഞതാണ് എന്നും ഗിരി പറഞ്ഞു. ഭരണഘടനയുടെ ധാര്‍മ്മികത കാത്തുസൂക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കുന്ന ഒരു മന്ത്രി ഇത്തരത്തില്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയാല്‍ അദ്ദേഹത്തെ പുറത്താക്കണമെന്ന് ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.