എരുമേലി: ശബരിമല തീർത്ഥാടത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ പ്രവർത്തനം മാതൃകാ പരമാണെന്ന് പൂഞ്ഞാർ എം എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു.സേവാ സമാജത്തിന്റെ എരുമേലി അന്നദാന സേവ കേന്ദ്രം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സർക്കാരും,വിവിധ വകുപ്പുകളും, ത്രിതല പഞ്ചായത്തും എരുമേലിയിലെത്തുന്ന തീർത്ഥാടകർക്ക് എല്ലാ സൗകര്യവും ഒരുക്കിയതായും എം എൽ എ പറഞ്ഞു. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഈ വർഷം ആദ്യമായാണ് ഒരു പരിപാടി ഉദ്ഘാടനം ചെയ്യുന്നതെന്നും സേവ സമാജത്തിന് എല്ലാ സഹായവും നൽകുമെന്നും അദ്ദേഹം പറഞ്ഞു.സേവ സമാജം ദക്ഷിണ മേഖല ക്ഷേത്രീയ ജനറൽ സെക്രട്ടറി എം.കെ അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. അഖിലേന്ത്യ ജനറൽ സെക്രട്ടറി ഈറോഡ് എൻ. രാജൻ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം റ്റി എസ് കൃഷ്ണകുമാർ കുടിവെള്ള വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സേവ സമാജം പശ്ചിമ ക്ഷേത്രീയ ജനാൽ സെക്രട്ടറി കുമാർ വൈദ്യനാഥ്, എരുമേലി സേവ സമാജം സംസ്ഥാന ജനറൽ സെക്രട്ടറി മുരളി കൊളങ്ങാട്ട് , സെക്രട്ടറി എസ് മനോജ് ,ജമാത്ത് പ്രസിഡന്റ് പി.എ ഇർഷാദ്, വ്യാപാരി വ്യവസായി ഏകോപന സമിതി എരുമേലി യൂണിറ്റ് പ്രസിഡന്റ് മുജീബ് റഹ്മാൻ , സമാജം താലൂക്ക് പ്രസിഡന്റ് റ്റി. അശോക് കുമാർ എന്നിവർ സംസാരിച്ചു.
