Thursday, April 25, 2024
keralaNews

ഗുരുവായൂര്‍ ക്ഷേത്ര മേല്‍ശാന്തിയായി തോട്ടം ശിവകരന്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തു.

ഗുരുവായൂര്‍ ക്ഷേത്ര മേല്‍ശാന്തിയായി തോട്ടം ശിവകരന്‍ നമ്പൂതിരിയെ (58) തിരഞ്ഞെടുത്തു. കോട്ടയം കുറിച്ചിത്താനം സ്വദേശിയാണ്. ശനിയാഴ്ച ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം തന്ത്രി പി.സി.ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തില്‍ നടത്തിയ നറുക്കെടുപ്പിലാണ് ഏപ്രില്‍ ഒന്നു മുതല്‍ അടുത്ത ആറ് മാസത്തേക്ക് തോട്ടം ശിവകരന്‍ നമ്പൂതിരിക്ക് ഗുരുവായൂരപ്പന്റെ മേല്‍ശാന്തിയാകാനുള്ള നിയോഗം ലഭിച്ചത്.ഉച്ചപൂജ നിര്‍വഹിച്ച ഓതിക്കന്‍ പി.എം ഭവദാസന്‍ നമ്പൂതിരിയാണ് നമസ്‌കാര മണ്ഡപത്തില്‍വച്ച് വെള്ളിക്കുടത്തില്‍ നിന്ന് നറുക്കെടുത്തത്. തെരഞ്ഞെടുപ്പില്‍ തന്ത്രി പി.സി.ദിനേശന്‍ നമ്പൂതിരിപ്പാട് കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ച 39 പേരില്‍ 33 പേര്‍ ഹാജരായി. ഇവരില്‍ നിന്നും യോഗ്യത നേടിയ 28 പേരുടെ പേരുകള്‍ എഴുതി വെള്ളിക്കുടത്തില്‍ നിക്ഷേപിച്ച ശേഷമാണ് നറുക്കിട്ടത്.തിരഞ്ഞെടുക്കപ്പെടുന്ന മേല്‍ശാന്തി ക്ഷേത്രത്തിലെ ഭജനത്തിനു ശേഷം മാര്‍ച്ച് 31 ന് അടയാളചിഹ്നമായ താക്കോല്‍ക്കൂട്ടം ഏറ്റുവാങ്ങി പുറപ്പെടാ ശാന്തിയായി ചുമതലയേല്‍ക്കും.