Monday, April 29, 2024
keralaNews

ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല നാളെ.

ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല നാളെ. പൊങ്കാലക്കൊരുങ്ങി അനന്തപുരിയും ക്ഷേത്രപരിസരവും. കൊറോണ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണത്തോടെയാണ് ഇക്കൊല്ലത്തെ ചടങ്ങുകള്‍ നടക്കുക. നാളെ രാവിലെ 10.50ന് പണ്ടാര അടുപ്പില്‍ തീ പകരുന്നതോടെ പൊങ്കാലക്ക് തുടക്കമാകും.അനന്തപുരി യാഗശാലയായി മാറാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. ആറ്റുകാല്‍ പൊങ്കാലക്കായി നാടും നഗരവും അവസാനഘട്ട ഒരുക്കത്തിലാണ്. ആര്‍ഭാടങ്ങളെല്ലാം ഒഴിവാക്കി കര്‍ശന നിയന്ത്രണത്തോടെയാണ് പൊങ്കാല സമര്‍പ്പണം. കൊറോണ പശ്ചാത്തലത്തില്‍ പണ്ടാരഅടുപ്പില്‍ മാത്രമാണ് ഇക്കൊല്ലം പൊങ്കാല. നാളെ രാവിലെ 10.20 ന് ശുദ്ധപുണ്യാഹത്തിന് ശേഷം 10.50ന് പണ്ടാര അടുപ്പില്‍ തീ പകരും. ക്ഷേത്രത്തില്‍ തോറ്റംപാട്ടുകാര്‍ കണ്ണകീ ചരിതത്തിലെ പാണ്ഡ്യ രാജാവിന്റെ വധം നടക്കുന്ന ഭാഗം പാടിക്കഴിയുന്നതോടെ പൊങ്കാലയുടെ ചടങ്ങുകള്‍ക്ക് തുടക്കമാകും.
മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഭക്തരെല്ലാം വീടുകളില്‍ തന്നെ പൊങ്കാലയിടും. ക്ഷേത്ര ദര്‍ശനം കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കും. പ്രധാന ചടങ്ങായ കുത്തിയയോട്ടം ആചാരപ്രകാരം പണ്ടാര ഓട്ടം മാത്രമായി നടത്താനാണ് ക്ഷേത്ര ട്രസ്റ്റിന്റെ തീരുമാനം. 10 വയസിനും 12 വയസിനും മദ്ധ്യേയുളള ബാലികമാര്‍ക്ക് മാത്രമാണ് താലപ്പൊലിയില്‍ പങ്കെടുക്കാന്‍ അനുമതി ഉള്ളത്. പൊങ്കാല ശേഷം രാത്രി ഏഴരയോടെ ആചാരപ്രകാരം പുറത്തെഴുന്നള്ളിപ്പ് നടത്തും. രാത്രി 11 മണിയോട് കൂടി എഴുന്നള്ളിപ്പ് തിരികെ ക്ഷേത്രത്തിലെത്തും.ഞായറാഴ്ച നടക്കുന്ന കുരുതി തര്‍പ്പണത്തോടെയാണ് പൊങ്കാല മഹോത്സവത്തിന് സമാപനമാവുക. കൊറോണ മാനദണ്ഡത്തോടെ കര്‍ശന നിയന്ത്രണത്തിലാണ് പൊങ്കാലയും ചടങ്ങുകളും നടക്കുക. പോലീസ്, അഗ്‌നിശമന സേന, തുടങ്ങിയവരുടെ സേവനവും ക്ഷേത്രത്തില്‍ ലഭ്യമാണ്. ഉത്സവത്തിന്റെ എട്ടാം ദിവസമായ ഇന്നും നിരവധി ഭക്തരാണ് ക്ഷേത്ര ദര്‍ശനത്തിനെത്തുന്നത്.