Thursday, March 28, 2024
keralaNews

ഷട്ടറുകള്‍ തുറക്കും ; ഇടുക്കി ജില്ലയിലെ ഡാമുകള്‍ നിറയുന്നു

 

കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി ജില്ലയിലെ ഡാമുകള്‍ നിറയുന്നു. പരാമവധി സംഭരണ ശേഷിക്ക് അടുത്തെത്തിയതോടെ ഇടുക്കി പൊന്‍മുടി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കും. മൂന്നു ഷട്ടറുകള്‍ വെള്ളിയാഴ്ച രാവിലെ 10ന് 30 സെ.മീ വീതം ഉയര്‍ത്തി 65 ക്യുമെക്‌സ് വെള്ളം പന്നിയാര്‍ പുഴയിലേക്ക് തുറന്നു വിടാനാണ് നീക്കം. തീരദേശ വാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജില്ലയിലെ മറ്റ് പ്രധാന അണക്കെട്ടുകളായ മുല്ലപ്പെരിയാറിലേയും ഇടുക്കിയിലേയും ജലനിരപ്പ് ഉയരുകയാണ്. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 127.2 അടിയില്‍ എത്തി. കഴിഞ്ഞ ഒരു ദിവസംകൊണ്ട് നാലടി ജലമാണ് ഉയര്‍ന്നത്. വൃഷ്ടി പ്രേദേശത്ത് വലിയ മഴ നിലനില്‍ക്കുന്നതില്‍ നീരൊഴുക്ക് കൂടുമെന്നും എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് അധികൃതര്‍ പറയുന്നത്.
ഇടുക്കി അണക്കെട്ടില്‍ 2,349.15 അടിയാണ് ജലനിരപ്പ്. കഴിഞ്ഞ വര്‍ഷം ഇതേസമയം 2,316.64 അടിയായിരുന്നു ജലനിരപ്പ്. ഈ മാസം ഒന്നുമുതല്‍ വ്യാഴാഴ്ച രാത്രി ഏഴുവരെയുള്ള കണക്കനുസരിച്ച് 12.81 അടിവെള്ളം ഉയര്‍ന്നു. അണക്കെട്ടില്‍ പരമാവധി സംഭരണശേഷിയുടെ 59.89 ശതമാനം വെള്ളം നിലവിലുണ്ട്. ജില്ലയില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുള്ളതിനാല്‍ മലയോരമേഖലയിലേക്കുള്ള ഗതാഗതം രാത്രി ഏഴുമുതല്‍ രാവിലെ ആറുവരെ നിരോധിച്ചു.

Leave a Reply