Tuesday, May 14, 2024
keralaNews

അഞ്ജുശ്രീയുടെ മരണകാരണം ആത്മഹത്യയെന്ന് പ്രാഥമിക വിവരം.

കാസര്‍കോട് 19-കാരിയുടെ മരണകാരണം ആത്മഹത്യയെന്ന് പ്രാഥമിക വിവരം. കാസര്‍കോട്ട് പെരുമ്പള ബേനൂരില്‍ കോളജ് വിദ്യാര്‍ഥിനി കെ. അഞ്ജുശ്രീ പാര്‍വതിയുടെ മരണം എലിവിഷം അകത്തു ചെന്നാണെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചന. പെണ്‍കുട്ടിയുടെ ആത്മഹത്യക്കുറിപ്പും മൊബൈല്‍ ഫോണ്‍ വിവരങ്ങളും പോലീസ് കണ്ടെടുത്തു. മരണം ഭക്ഷ്യ വിഷബാധയേറ്റല്ലെന്നും മറ്റു വിഷാംശം അകത്തു ചെന്നാണെന്നും പരിയാരം മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥിനിയുടെ പോസ്റ്റുമോര്‍ട്ടം നടത്തിയ സര്‍ജന്‍ പൊലീസിനോട് സൂചിപ്പിച്ചിരുന്നു. ശരീരത്തില്‍ വിഷാംശം കണ്ടെത്തിയിട്ടുണ്ട്. ഇതു കരളിനെ ബാധിച്ചതിനെത്തുടര്‍ന്നാണു മരണമെന്നു പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.

ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടേത് ആത്മഹത്യയെന്ന് തെളിഞ്ഞത്. അഞ്ജുശ്രീ മാനസിക സംഘര്‍ഷം നേരിട്ടിരുന്നതായും ആത്മഹത്യക്കുറിപ്പിലുള്ളതായാണ് വിവരം. ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങള്‍ കണ്ടെത്തുന്നതിനായി പോലീസ് പെണ്‍കുട്ടിയുടെ സുഹൃത്തുക്കളുടെയും സഹപാഠികളുടെയും ബന്ധുക്കളുടെയും മൊഴിയെടുക്കുമെന്നും പോലീസ് അറിയിച്ചു.കരള്‍ അടക്കം ആന്തരികാവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായിരുന്നു എന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഏത് തരം വിഷമാണ് ഉള്ളില്‍ ചെന്നടത് എന്നറിയാന്‍ ആന്തരിക അവയവങ്ങള്‍ രാസപരിശോധന ഫലം വരണം. കോഴിക്കോട് ലാബില്‍ അയച്ച ആന്തരിക അവയവങ്ങളുടെ രാസപരിശോധന ഫലം അടുത്ത ദിവസങ്ങളില്‍ പുറത്തുവരും. എങ്കില്‍ മാത്രമേ തരത്തിലുള്ള വിഷമാണ് ശരീരത്തിലെത്തിയതെന്ന്
വ്യക്തമാകൂയെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

പേസ്റ്റ് രൂപത്തിലുള്ള എലിവിഷത്തിന്റെ ലക്ഷണമാണ് സൂചിപ്പിച്ചത്. ഇത് ശരിവയ്ക്കുന്നതാണ് പൊലീസ് നടത്തിയ പരിശോധനയിലെ കണ്ടെത്തല്‍. എലിവിഷത്തെ കുറിച്ച് മൊബൈലില്‍ സെര്‍ച്ച് ചെയ്തതിന്റെ വിവരങ്ങളും ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ രാസ പരിശോധന റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമെ ഇക്കാര്യങ്ങള്‍ ഔദ്യോഗികമായി സ്ഥിരികരിക്കുകയുള്ളു.