Thursday, May 2, 2024
keralaNews

മുഹമ്മദിന്റെ കൊലപാതകത്തില്‍ അമ്മക്കും പെണ്‍കുട്ടികള്‍ക്കും അല്ലാതെ മറ്റാര്‍ക്കും പങ്കില്ല അന്വേഷണ സംഘം

വയനാട്: അമ്പലവയലിലെ കൊലപാതകത്തില്‍ അമ്മക്കും പെണ്‍കുട്ടികള്‍ക്കും അല്ലാതെ മറ്റാര്‍ക്കും പങ്കില്ലെന്ന് അന്വേഷണ സംഘം. അമ്പലവയല്‍ ആയിരംകൊല്ലിയിലെ മുഹമ്മദിന്റെ മരണത്തില്‍ മറ്റ് ദുരുഹതകളില്ല. പെണ്‍കുട്ടികളുടെ പിതാവ് സുബൈറാണ് കൊലപാതകത്തിന് പിന്നിലെന്നുള്ള മുഹമ്മദിന്റെ കുടുംബത്തിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് പോലീസ് അറിയിച്ചു. ആരോപണങ്ങള്‍ തെളിയിക്കാനുള്ള തെളിവുകള്‍ കിട്ടിയിട്ടില്ല. കൂടാതെ പെണ്‍കുട്ടികള്‍ കൊലപാതകത്തിന് ശേഷം പിതാവിനെ വിളിച്ച ഫോണ്‍ കോള്‍ രേഖകളും പോലീസ് ശേഖരിച്ചു.

അതേ സമയം കൊലപാതകത്തില്‍ ദുരൂഹതകളുണ്ടെന്ന് കൊല്ലപ്പെട്ട മുഹമ്മദിന്റ കുടുംബം ആരോപിച്ചിരുന്നു. അമ്മയും പെണ്‍കുട്ടികളും മാത്രം ചേര്‍ന്ന് ഇത്തരമൊരു കൊല നടത്താനാകില്ല. മറ്റ് ആരുടേയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് സംശയിക്കുന്നതായും മുഹമ്മദിന്റെ ഭാര്യ പറഞ്ഞിരുന്നു. മുഹമ്മദിന്റെ കൊലപാതകത്തില്‍ അമ്പലവയലിലെ അമ്മയും പെണ്‍കുട്ടികളും തന്നെയാണ് പ്രതികളെന്നാണ് പോലീസ് കണ്ടെത്തല്‍.

നാളുകളായി കുടുംബത്തില്‍ നിലനിന്ന കലഹമാണ് കൊലയ്ക്ക് കാരണമെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു. എന്നാല്‍ മുഹമ്മദിന്റെ കുടുംബം ഈ വാദങ്ങള്‍ തള്ളുകയാണ്. മുഹമ്മദ് അമ്മയെയും പെണ്‍കുട്ടികളെയും ഉപദ്രവിക്കാറില്ല. ഭര്‍ത്താവ് ഉപേക്ഷിച്ച കുടുംബത്തെ മുഹമ്മദ് സംരക്ഷിക്കുകയാണ് ചെയ്തത്. കുട്ടികളുടെ പിതാവിനും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് മുഹമ്മദിന്റെ ഭാര്യ ആരോപിക്കുന്നു. പെണ്‍കുട്ടികളുടെ പിതാവ് വീട്ടില്‍ എത്തുന്ന സമയങ്ങളിലാണ് ബഹളങ്ങള്‍ കേട്ടിരുന്നതെന്ന് അയല്‍വാസികളും പറയുന്നു. എന്നാല്‍ തന്നെയും മക്കളെയും തമ്മില്‍ അകറ്റിയത് മുഹമ്മദാണെന്ന് പെണ്‍കുട്ടികളുടെ പിതാവ് സുബൈര്‍ പ്രതികരിച്ചു.