Tuesday, May 14, 2024
keralaNews

ആലപ്പുഴ ബൈപാസില്‍ വിള്ളല്‍; തകരാറില്ലെന്ന് പ്രാഥമിക നിഗമനം

ബൈപാസ് തുറന്നതിനു പിന്നാലെ മാളികമുക്കിലെ അടിപ്പാതയ്ക്കു മുകളില്‍ കണ്ടെത്തിയ വിള്ളല്‍ ദേശീയപാത ചീഫ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ പരിശോധിച്ചു. ബൈപാസിനു തകരാറില്ലെന്നാണു ഉന്നത ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. ഇപ്പോഴുള്ള വിള്ളലുകള്‍ വലുതാകുന്നുണ്ടോ എന്ന് 2 ആഴ്ച നിരീക്ഷിക്കും. പ്രോഫോമീറ്റര്‍ എന്ന ഉപകരണം ഉപയോഗിച്ചുള്ള പരിശോധനയാണ് നടത്തിയത്. ബൈപാസ് തുറക്കുന്നതിനു മുന്നോടിയായി ഭാര പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ തന്നെയാണ് പരിശോധനയ്ക്ക് എത്തിയത്.വ്യാഴാഴ്ച ഉച്ചയോടെ ആരംഭിച്ച പരിശോധന മൂന്നു മണിക്കൂറോളം നീണ്ടു. 2 പതിറ്റാണ്ട് മുന്‍പ് ബൈപാസിന്റെ ഒന്നാം ഘട്ടത്തില്‍ നിര്‍മിച്ച ഭാഗമാണിത്. മാളികമുക്കില്‍ നിര്‍മിച്ച 2 അടിപ്പാതകളില്‍ വടക്കേ അടിപ്പാതയുടെ കോണ്‍ക്രീറ്റിനു താഴെയാണ് കഴിഞ്ഞ ദിവസം നാട്ടുകാര്‍ വിള്ളല്‍ കണ്ടത്. അന്നുതന്നെ ദേശീയപാത വിഭാഗം പ്രാഥമിക പരിശോധന നടത്തിയിരുന്നു. പെയിന്റ് ഇളകിയതാണെന്നായിരുന്നു പരിശോധനയ്ക്കുശേഷം ഉദ്യോഗസ്ഥര്‍ പറഞ്ഞത്. നൂല്‍ പോലുള്ള വിള്ളല്‍ പിന്നീട് സമീപ ഭാഗങ്ങളിലും കണ്ടെത്തിയതോടെയാണ് ദേശീയപാത വിഭാഗം വിദഗ്ധ പരിശോധന നടത്തിയത്.തിരുവനന്തപുരത്തുനിന്നെത്തിയ ചീഫ് എന്‍ജിനീയര്‍ എം.അശോക് കുമാര്‍, ആലപ്പുഴ എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ ആര്‍.അനില്‍കുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. 5 മീറ്ററോളം നീളത്തില്‍ ഒറ്റ വിള്ളല്‍ കണ്ടെത്തിയിട്ടുണ്ട്. ചെറുവിള്ളലുകള്‍ നാലെണ്ണമുണ്ട്. സമൂഹ മാധ്യമങ്ങളില്‍ ബൈപാസ് വിള്ളല്‍ ചര്‍ച്ചയാവുകയും പാലാരിവട്ടം പാലവുമായി ബന്ധപ്പെടുത്തി ട്രോളുകള്‍ വരുകയും ചെയ്തിരുന്നു.