Thursday, May 2, 2024
keralaNews

മൂന്ന് ഇരുചക്ര വാഹനങ്ങള്‍ക്ക് മുകളിലൂടെ ടോറസ് ലോറി പാഞ്ഞുകയറി : യുവതിക്കും യുവാവിനും ദാരുണാന്ത്യം

കൊച്ചി: ചേരാനല്ലൂരില്‍ മൂന്ന് ഇരുചക്ര വാഹനങ്ങള്‍ക്ക് മുകളിലൂടെ ടോറസ് ലോറി പാഞ്ഞുകയറി രണ്ട് പേര്‍ മരിച്ചു. ഫ്‌ലക്‌സ് പ്രിന്റിങ് സ്ഥാപനത്തിലെ ജോലിക്കാരന്‍ പറവൂര്‍ മന്നം കുര്യാപറമ്പില്‍ ഷംസുവിന്റെ മകന്‍ നസീബ് (38), എറണാകുളം അമൃത ആശുപത്രിയിലെ നഴ്‌സ് പാനായിക്കുളം ചിറയം അറയ്ക്കല്‍ വീട്ടില്‍ ആന്റണിയുടെ ഭാര്യ ലിസ ആന്റണി (38) എന്നിവരാണ് മരിച്ചത്. രണ്ട് പേരും പറവൂര്‍ സ്വദേശികളാണ്. ഗുരുതമായി പരിക്കേറ്റ രവീന്ദ്രന്‍ എന്നയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി ഇരുചക്ര വാഹനങ്ങളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.ചേരാനല്ലൂരില്‍ പുതിയതായി തുടങ്ങിയ പെട്രോള്‍ പമ്പിനു മുന്നില്‍ രാവിലെ പത്തേകാലോടെ ആയിരുന്നു അപകടം. പമ്പിലേക്കു തിരിയാന്‍ ഒരു ബൈക്ക് നിര്‍ത്തിയതോടെ പിന്നാലെ വന്ന രണ്ട് ഇരുചക്ര വാഹനങ്ങളും നിര്‍ത്തി.

തൊട്ടുപിന്നാലെയുണ്ടായിരുന്ന ടോറസ് ലോറി മൂന്നു വാഹനങ്ങളും ഇടിച്ചു തെറിപ്പിച്ച് അശ്രദ്ധമായി മുന്നോട്ടു പോയതാണ് അപകടമുണ്ടാക്കിയത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. അപകടമുണ്ടാക്കിയ ഡ്രൈവറെ പൊലീസ് അറസ്റ്റു ചെയ്തു. ലിസയുടെ മക്കള്‍: ശ്രേയ റോസ്, ഇസ്ര മരിയ. നാജിയയാണ് നസീബിന്റെ ഭാര്യ.