Sunday, May 19, 2024
indiaNews

രാമരാജ്യമായി ഭാരതം ; രാഷ്ട്രഹൃദയത്തില്‍ രാമനെ പ്രതിഷ്ഠിച്ചു

              അയോദ്ധ്യ: രാഷ്ട്രഹൃദയത്തില്‍ രാമനെ പ്രതിഷ്ഠിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മഹനീയ സാന്നിധ്യത്തില്‍ രാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ രാംലല്ലയെ പ്രതിഷ്ഠിച്ചു. കാശിയിലെ ഗണേശ്വര്‍ ശാസ്ത്രി ദ്രാവിഡിന്റെ മേല്‍നോട്ടത്തില്‍ പണ്ഡിറ്റ് ലഷ്മീകാന്ത് ദീക്ഷിതാണ് പൂജകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചത്. ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റ് അദ്ധ്യക്ഷന്‍ മഹന്ത് നൃത്യഗോപാല്‍ ദാസ്, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുടെയും സാന്നിധ്യമുണ്ടായിരുന്നു. 12:29:8 മുതല്‍ 12:30: 32 നാഴിക വരെയുള്ള പവിത്രമായ അഭിജിത്ത് മുഹൂര്‍ത്തത്തിലായിരുന്നു പ്രാണ പ്രതിഷ്ഠ. 84 സെക്കന്‍ഡ് നേരത്തോളം ചടങ്ങ് നീണ്ടു. രാം ലല്ലയുടെ വിഗ്രഹത്തിന്റെ കണ്ണുകള്‍ തുറന്ന് അഞ്ജനമെഴുതി. കണ്ണാടി ഉപയോഗിച്ച് ഭഗവാന്‍ തന്നെ ആദ്യം ഭഗവാനെ കണ്ട ഈ ധന്യമുഹൂര്‍ത്തത്തില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഹെലികോപ്റ്ററുകള്‍ അയോദ്ധ്യയുടെ മണ്ണിലേക്ക് പുഷ്പവൃഷ്ടി നടത്തി. ചടങ്ങുകള്‍ക്ക് മുന്നോടിയായി 50 സംഗീതോപകരണങ്ങള്‍ ഉപയോഗിച്ചുള്ള മംഗളധ്വനി ക്ഷേത്ര പരിസരത്ത് മുഴങ്ങി.51 ഇഞ്ച് ഉയരമുള്ള കൃഷ്ണശിലയില്‍ കൊത്തിയെടുത്ത മൂന്നടി വീതിയുള്ള വിഗ്രഹമാണ് അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ഗര്‍ഭഗൃഹത്തില്‍ പ്രതിഷ്ഠിച്ചത്. അഞ്ച് വയസുകാരന്റെ രൂപത്തിലാണ് ശ്രീരാമ വിഗ്രഹം കൊത്തിയെടുത്തത്. 300 കോടി വര്‍ഷം പഴക്കമുള്ള കല്ലിലാണ് പ്രശസ്തനായ അരുണ്‍ യോഗി രാജ് വിഗ്രഹം കൊത്തിയെടുത്തത്. ആടയാഭരണങ്ങള്‍ അണിഞ്ഞ വിഗ്രഹത്തിന്റെ ഇടതുകയ്യില്‍ അമ്പും വില്ലുമുണ്ട്. 200 കിലോയോളം ഭാരമാകും വിഗ്രഹത്തിനുള്ളത്.