വിജയകാന്തിന് അന്ത്യാഞ്ജലി
ചെന്നൈ: പ്രശസ്ത നടനും ഡിഎംഡികെ സ്ഥാപക അധ്യക്ഷനുമായ വിജയകാന്തിന് തമിഴകത്തിന്റെ അന്ത്യാഞ്ജലി. വൈകിട്ടു ഏഴു മണിയോടെ കോയമ്പേട്ടിലെ പാര്‍ട്ടി ആസ്ഥാനത്ത് പൂര്‍ണ സംസ്ഥാന ബഹുമതി നല്കിയ ശേഷം ചെന്നൈയിലായിരുന്നു വിജയകാന്തിന്റെ സംസ്കാരം.
തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്, തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്രാജന് തുടങ്ങിയ പ്രമുഖര്‍ സംസ്കാര ചടങ്ങില്‍ പങ്കെടുത്തു. ബീച്ചിലെ അയലന്‍ഡ് മൈതാനത്ത് 10 മണിക്കൂറോളം നീണ്ട പൊതുദര്‍ശനത്തിന് ശേഷം വിലാപയാത്രയായാണ് മൃതദേഹം കോയമ്പെട്ടില്‍ എത്തിച്ചത്. ചെന്നൈ നഗരത്തിലൂടെയുള്ള വിലാപയാത്രയില്‍, അന്ത്യഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങള്‍ ആണ് റോഡിന്റെ ഇരുവശത്തും കാത്തുനിന്നത്.
കേന്ദ്ര സര്‍ക്കാരിനെ പ്രതിനീധികാരിച്ച് ധനമന്ത്രി നിര്‍മല സീതാരാമനും, രജനികാന്ത്, കമല്ഹാസന് തുടങ്ങിയ സൂപ്പര്‍ താരങ്ങളും അയലന്‍ഡ് മൈതാനത്ത് എത്തി പുഷ്പചക്രം സമര്‍പ്പിച്ചു. അടുത്ത ബന്ധുക്കള്‍ക്കും പാര്‍ട്ടി നേതാക്കള്‍ക്കും സിനിമാ – രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ക്കും മാത്രമാണ് സംസ്കാര ചടങ്ങില്‍ പ്രവേശനം അനുവദിച്ചത്.