Sunday, April 28, 2024
EntertainmentkeralaNewsObituary

നാടകാചാര്യനും നടനുമായ വിക്രമന്‍ നായര്‍ അന്തരിച്ചു

കോഴിക്കോട് നടനും നാടകകൃത്തുമായ വിക്രമന്‍ നായര്‍ (78) അന്തരിച്ചു. ഇന്നലെ രാത്രി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കുണ്ടൂപ്പറമ്പ് ‘കൃഷ്ണ’യിലായിരുന്നു താമസം.    മണ്ണാര്‍ക്കാട് പൊറ്റശ്ശേരിയില്‍ പരേതരായ വേലായുധന്‍ നായരുടെയും വെള്ളക്കാംപാടി ജാനകിയുടെയും മകനായാണ് ജനനം. 16 വയസ്സുമുതല്‍ കോഴിക്കോട്ട  കലാസമിതി പ്രവര്‍ത്തകരുമായി സഹകരിച്ചുപോന്നിരുന്നു. ജനനംകൊണ്ട് അദ്ദേഹം മണ്ണാര്‍ക്കാട്ടുകാരനാണ്. കോഴിക്കോട് സെയ്ന്റ് ജോസഫ് ഹൈസ്‌കൂളിലെ വിദ്യാഭ്യാസകാലമാണ് വിക്രമന്‍നായരെ നാടകതത്പരനാക്കുന്നത്. കോഴിക്കോട് സ്റ്റേജ് ഇന്ത്യ നാടക ട്രൂപ്പിന്റെ സ്ഥാപകനും നടനും സംവിധായകനുമായി നാടകവേദിക്ക് ഉജ്ജ്വലസംഭാവനകള്‍ നല്‍കിയ കലാകാരനാണ് വിടവാങ്ങിയത്. പ്രഫഷനല്‍ നാടകവേദിയെ ശക്തിപ്പെടുത്തിയ സംഘാടകനായിരുന്നു. ആറരപ്പതിറ്റാണ്ടുനീണ്ട നാടകജീവിതത്തിനൊപ്പം തന്നെ സിനിമ, സീരിയല്‍ രംഗങ്ങളിലും അദ്ദേഹം തിളങ്ങി. സംഗീത നാടക അക്കാദമി ജേതാവാണ്. 10,000-ത്തിലധികം വേദികളിലായി 53 പ്രൊഫഷണല്‍ നാടകങ്ങള്‍ ഉള്‍പ്പെടെ ഇരുനൂറോളം നാടകങ്ങളില്‍ അഭിനയിച്ച വിക്രമന്‍ നായര്‍ ഇനി ഓര്‍മ്മയാകുന്നു. ഭാര്യ. ലക്ഷ്മി, മക്കള്‍ ദുര്‍ഗ്ഗ, സരസ്വതി. മരുമക്കള്‍: കെ.പി. സുജിത്ത്, കെ.എസ്. ശ്രീനാഥ്. സംസ്‌കാരം ബുധനാഴ്ച രാവിലെ ഒമ്പതിന്.