Monday, April 29, 2024
keralaNewspolitics

ഒത്തുതീര്‍പ്പിന് ശ്രമിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ല. വിജേഷ് പിള്ള

കണ്ണൂര്‍ : ഒത്തുതീര്‍പ്പിന് ശ്രമിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ല. വെബ്‌സിരീസിന്റെ ആവശ്യത്തിനാണ് സ്വപ്നയെ കണ്ടത്. വെബ്‌സീരിനായി പണം നല്‍കാമെന്നാണ് പറഞ്ഞതെന്നും നാട് എവിടെയാണെന്ന് ചോദിച്ചപ്പോള്‍ എം.വി ഗോവിന്ദന്റെ നാട്ടിലാണെന്ന് മാത്രമാണ് പറഞ്ഞതെന്നും വിജേഷ് പിള്ള. തന്നെയും ഗോവിന്ദന്‍ മാസ്റ്ററെയും തമ്മില്‍ ബന്ധപ്പെടുത്തരുതെന്നും വിജേഷ് പറഞ്ഞു. സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു വിജേഷ് പിള്ള .  എനിക്ക് പിന്നില്‍ ആരുമില്ല. ഞാന്‍ 27-ാം തിയതിയാണ് സ്വപ്നയെ ആദ്യമായി വിളിക്കുന്നത്. ബാംഗ്ലൂരില്‍ ഹോട്ടല്‍ ലോബിയയില്‍ വെച്ചാണ് നേരില്‍ കണ്ടത്. എനിക്ക് ഒരു പാര്‍ട്ടിയുമായി ബന്ധമില്ല. എന്റെ വെബ് സീരിസില്‍ നിന്നും കിട്ടുന്ന സമ്പാദ്യത്തില്‍ നിന്നും 30 ശതമാനം നല്‍കാമെന്നും പറഞ്ഞു. 30 കോടി രൂപ വാഗ്ദാനം ചെയ്തിട്ടില്ല. വെബ്സീരിസിന്റെ ഷൂട്ടിംഗ് ഹരിയാനയിലോ ജയ്പൂരിലോ നടത്താമെന്ന് പറഞ്ഞു. സ്വപ്ന എന്തിനാണ് ഇത് ചെയ്തതെന്ന് എനിക്ക് അറിയില്ല. ഇടനിലക്കാരനെന്ന പേരില്‍ ഷാജ് കിരണിന്റെ പേര് സ്വപ്ന പറഞ്ഞതറിയില്ല. ഏത് അന്വേഷണവുമായി സഹകരിക്കുമെന്നും വിജേഷ് പിള്ള പറഞ്ഞു. സ്വപ്നയ്ക്കെതിരെ പോലീസ് മേധാവിക്ക് ഇമെയില്‍ വഴി പരാതി നല്‍കിയിട്ടുണ്ട്. നാട് എവിടെയാണെന്ന് ചോദിച്ചപ്പോള്‍ കണ്ണൂര്‍ ആന്തൂരിലാണ്, ഗോവിന്ദന്‍ മാസ്റ്ററിന്റെ നാട്ടിലാണെന്ന് ഞാന്‍ പറഞ്ഞിരുന്നു. എവിടെയോ കിടക്കുന്ന ഗോവിന്ദന്‍ മാസ്റ്ററെ വലിച്ചിഴയ്ക്കേണ്ട, സ്വപ്നയാണ് രാഷ്ട്രീയത്തെപ്പറ്റി സംസാരിച്ചത്. രാഷ്ട്രീയത്തോട് താല്‍പ്പര്യമില്ലെന്ന് ഞാന്‍ പറഞ്ഞു.                                                                         എല്ലാം ഡേര്‍ട്ടി പൊളിറ്റിക്‌സാണെന്നും പറഞ്ഞു. വെബ് സീരീസില്‍ പറയുന്ന കാര്യങ്ങളില്‍ ആധികാരികത വേണമെന്നാണ് ഞാന്‍ പറഞ്ഞത്. എന്ത് അര്‍ത്ഥത്തിലാണ് എന്നെ ഗോവിന്ദന്‍ മാസ്റ്ററുമായി ബന്ധപ്പെടുത്തിയത് എന്നറിയില്ല. എന്റെ ചാനലില്‍ സ്വപ്ന പറയുന്ന കാര്യങ്ങളില്‍ ആധികാരികത വേണമെന്ന് ഞാന്‍ ആവശ്യപ്പെട്ടിരുന്നു. സത്യസന്ധമായി എല്ലാ കാര്യങ്ങളും പറയണമെന്ന് ഞാന്‍ പറഞ്ഞു. എന്തെങ്കിലും തെളിവുണ്ടെങ്കില്‍ പറയണം.                                                                         അത് വാട്‌സ്ആപ്പ് ചാറ്റായാലും മതി എന്നും ഞാന്‍ പറഞ്ഞു’- എന്നാണ് വിജേഷ് പ്രതികരിച്ചത്. കഴിഞ്ഞ ദിവസമാണ്, സ്വര്‍ണക്കടത്ത് കേസില്‍ ഒത്തു തീര്‍പ്പിനായി വിജയ് പിള്ള എന്നയാളെ സിപിഎം നേതാക്കള്‍ അയച്ചുവെന്ന് സ്വപ്ന ഫേയ്‌സ്ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ അയച്ചതാണെന്ന് പറഞ്ഞുകൊണ്ടാണ് വിജേഷ് പിള്ള തനിക്കെതിരെ ഭീഷണി മുഴക്കിയതെന്നും മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍ പിന്‍വലിച്ച് കേരളം വിട്ടു പോകാന്‍ തയ്യാറായാല്‍ 30 കോടി രൂപ നല്‍കാമെന്നും വിജേഷ് പിള്ള പറഞ്ഞുവെന്ന് സ്വപ്ന തുറന്നടിച്ചിരുന്നു.