Monday, April 29, 2024
indiaNews

രാജ്യത്ത് 13 ഇടങ്ങളില്‍ ഗവര്‍ണര്‍മാര്‍ക്ക് മാറ്റം.

ദില്ലി : രാജ്യത്ത് 13 ഇടങ്ങളില്‍ ഗവര്‍ണര്‍മാര്‍ക്ക് മാറ്റം. സുപ്രീം കോടതി ജഡ്ജിയടക്കം ആറ് പുതിയ ഗവര്‍ണര്‍മാരെയാണ് നിയമിച്ചിരിക്കുന്നത്. അയോധ്യ കേസില്‍ അനുകൂല വിധി പറഞ്ഞ ബെഞ്ചില്‍ അംഗമായിരുന്ന ജസ്റ്റിസ് അബ്ദുല്‍ നസീറിനെ ആന്ധ്രാപ്രദേശ് ഗവര്‍ണറായി നിയമിച്ചതാണ് ഇതില്‍ സുപ്രധാന തീരുമാനം. കര്‍ണാടക സ്വദേശിയാ ജസ്റ്റിസ് എസ് അബ്ദുല്‍ നസീര്‍ മുത്തലാഖ് നിരോധിച്ച ഭൂരിപക്ഷ വിധിയില്‍ മുത്തലാഖ് അനുകൂല നിലപാടാണ് സ്വീകരിച്ചത്. ആരിഫ് മുഹമ്മദ് ഖാന് പുറമെ മുസ്ലിം സമുദായത്തില്‍ നിന്ന് രണ്ടാമത്തെ ഗവര്‍ണ്ണറാവുകയാണ് ജസ്റ്റിസ് അബ്ദുള്‍ നസീര്‍. അതേസമയം സുപ്രീം കോടതി ജഡ്ജിമാരെ ഇത്തരം പദവികളില്‍ നിയമിക്കുന്നത് അപൂര്‍വ്വമാണ്.

നേരത്തെ മുന്‍ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് പി സദാശിവം കേരളത്തിന്റെ ഗവര്‍ണറായി നിയമിക്കപ്പെട്ടിരുന്നു. അന്ന് സദാശിവത്തിന്റെ നിയമനത്തില്‍ ജയലളിതയുടെ പിന്തുണയുണ്ടായിരുന്നു.കൂടാതെ മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. അയോധ്യ കേസില്‍ വിധി പറഞ്ഞ ബെഞ്ചിന് നേതൃത്വം നല്‍കിയിരുന്നത് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ആയിരുന്നു.ഇതേ ബെഞ്ചില്‍ അംഗമായിരുന്നു ജസ്റ്റിസ് എസ് അബ്ദുള്‍ നസീറും.അയോധ്യ വിധിയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് കളമൊരുക്കുന്നതായിരുന്നു ജസ്റ്റിസ് അബ്ദുള്‍ നസീറിന്റെ വിധി. കഴിഞ്ഞ ജനുവരിയിലാണ് അബ്ദുള്‍ നസീര്‍ വിരമിച്ചത്.ഫെബ്രുവരിയില്‍ ഗവര്‍ണറായി നിയമനം നല്‍കുകയും ചെയ്തു.

ഇതിന് പുറമെ വടക്കന്‍ മേഖല ആര്‍മി കമാന്ററായിരുന്ന കൈവല്യ ത്രിവിക്രം പര്‍നായിക്കിനെ അരുണാചല്‍ പ്രദേശ് ഗവര്‍ണറായി നിയമിച്ചു. ഇന്ത്യക്കും ചൈനയ്ക്കുമിടയില്‍ അതിര്‍ത്തി പ്രദേശത്ത് തര്‍ക്കങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് വടക്കന്‍ മേഖല ആര്‍മി കമാന്ററായിരുന്ന കെ ടി പര്‍നായിക്കിന്റെ ഗവര്‍ണറായുള്ള നിയമനം.

ബിജെപി രാഷ്ട്രീയവുമായി ചേര്‍ന്ന് നില്‍ക്കുന്ന നേതാക്കളെയാണ് ഗവര്‍ണര്‍മാരായി നിയമിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ച ലക്ഷ്മണ്‍ പ്രസാദ് ആചാര്യ സിക്കിം ഗവര്‍ണറാകും.ജാര്‍ഖണ്ഡ് ഗവര്‍ണര്‍ രമേശ് ബെയ്‌സ് മഹാരാഷ്ട്ര ഗവര്‍ണര്‍ ആകും.നിലവിലെ ഗവര്‍ണര്‍ ഭഗത് സിംഗ് കോഷ്യാരിയുടെ രാജി രാഷ്ട്രപതി അംഗീകരിച്ചു. ലഡാഖ് ലഫ് ഗവര്‍ണറായിരുന്ന രാധാകൃഷ്ണ മാത്തൂറിന്റെയും രാജി സ്വീകരിച്ചു. രമേശ് ബെയ്‌സിനെ മഹാരാഷ്ട്ര ഗവര്‍ണര്‍ ആയി നിയമിച്ചതോടെ സി പി രാധാകൃഷ്ണനെ ജാര്‍ഖണ്ഡ് ഗവര്‍ണറായി നിയമിച്ചു. കേരളത്തിന്റെ ചുമതലയുണ്ടായിരുന്നു, മുന്‍ കോയമ്പത്തൂര്‍ എംപിയാണ് സി പി രാധാകൃഷ്ണന്‍.

ശിവപ്രസാദ് ശുക്ല ഹിമാചല്‍ പ്രദേശ് ഗവര്‍ണറാകും.ഗുലാബ് ചന്ദ് കഠാരിയ അസ്സം ഗവര്‍ണറാകും. ആന്ധ്രാപ്രദേശ് ഗവര്‍ണറായിരുന്ന ബിസ്വ ഭൂഷണ്‍ ഹരിചന്ദന്‍ ചത്തീസ്ഗഡ് ഗവര്‍ണറാകും. ചത്തീസ് ഗഡ് ഗവര്‍ണര്‍ അനുസ്യൂയ ഉയ്കിയെ മണിപ്പൂരിലേക്ക് മാറ്റി. മണിപ്പൂര്‍ ഗവര്‍ണര്‍ ലാ ഗണേശന്‍ നാഗലാന്റിലേക്ക് മാറി.ബിഹാര്‍ ഗവര്‍ണര്‍ ഫഗു ചൗഹാനെ മേഘാലയ ഗവര്‍ണറായി നിയമിച്ചു.ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാദ് അര്‍ലേക്കര്‍ ബിഹാര്‍ ഗവര്‍ണറാകും. അരുണാചല്‍ പ്രദേശ് ഗവര്‍ണറായിരുന്ന ബ്രിഗേഡിയര്‍ ബി ഡി മിശ്രയാണ് ലഡാക്കിന്റെ ലഫ്റ്റ്. ഗവര്‍ണാറിയി നിയമിക്കപ്പെട്ടിരിക്കുന്നത്. അതേസമയം മലയാളി ഗവര്‍ണര്‍മാര്‍ക്ക് മാറ്റമില്ല. ഗോവ ഗവര്‍ണറായി ശ്രീധരന്‍ പിള്ളയും പശ്ചിമ ബംഗാള്‍ ഗവര്‍ണറായി സിവി ആനന്ദ ബോസും തുടരുമെന്നാണ് നിയമനങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.