Monday, April 29, 2024
keralaNews

കോട്ടയം ജില്ലാ പോലീസ് മേധാവി ഉള്‍പ്പെടെ ആറ് പോലീസ് ഉദ്യോഗസ്ഥര്‍ വിശിഷ്ട സേവ മെഡല്‍ നല്‍കി

തിരുവനന്തപുരം : കേരള പോലീസിന്റെ 67 മത് രൂപീകരണ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം എസ്.എ.പി. ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡല്‍ കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക് ഉള്‍പ്പെടെ ആറ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കി.എറണാകുളം റൂറല്‍ എസ്.പി ആയിരിക്കെ കേരളത്തെ പിടിച്ചുലച്ച മാനസാ വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ആയിരുന്നു കെ. കാര്‍ത്തിക്. കൂടാതെ വിജിലന്‍സ് എസ്.പി. ആയിരിക്കെ മരടിലെ അനധികൃത ഫ്‌ലാറ്റ് നിര്‍മ്മാണം, പാലാരിവട്ടം മേല്‍പ്പാലം കേസ്, തൃശൂര്‍ എസ്.പി. ആയിരിക്കെ കലാഭവന്‍ മണിയുടെ മരണത്തിന്റെ അന്വേഷണ ചുമതലയും കാര്‍ത്തിക്കിനായിരുന്നു. ഈ കേസുകളിലെല്ലാം ശാസ്ത്രീയമായ അന്വേഷണം നടത്തി സമയബന്ധിതമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.ജില്ലാ പോലീസ് മേധാവിയെ കൂടാതെ റോജിമോന്‍ വി.വി (എ.എസ്.ഐ ഗ്രേഡ് കടുത്തുരുത്തി പി.എസ്), സിജി ബി. (എ.എസ്.ഐ ഗ്രേഡ് വൈക്കം പി.എസ്), ശ്രീജോവ് പി.എസ് (എ.എസ്.ഐ ഗ്രേഡ് ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ), ഹാഷിക്.എം.ഐ( സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കോട്ടയം വെസ്റ്റ് പി എസ് ), പ്രതീഷ് രാജ് ( സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കോട്ടയം ഈസ്റ്റ് പി.എസ് ) എന്നിവരും മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ ഏറ്റുവാങ്ങി.